റായ്പൂര്‍: ലൗ ജിഹാദ് എന്ന പേരില്‍ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി കണക്കാക്കാനുള്ള പ്രചരണങ്ങള്‍ നടക്കുന്നതിനിടെ ബി.ജെ.പിയെ വിമര്‍ശിച്ച് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. ബി.ജെ.പി കുടുംബങ്ങളിലുള്ളവര്‍ മിശ്ര വിവാഹം കഴിക്കുന്നത് ‘ലൗജിഹാദി’ന്റെ പരിധിയില്‍ വരുമോ എന്നാണ് ഭൂപേഷ് ഭാഗല്‍ ചോദിച്ചത്.
‘നിരവധി ബി.ജെ.പി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മിശ്ര വിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങളും ‘ലൗ ജിഹാദി’ന്റെ കീഴില്‍ വരുമോ?,’ ഭാഗല്‍ ചോദിച്ചു.
ലൗ ജിഹാദ് എന്ന പേരില്‍ മിശ്ര വിവാഹങ്ങള്‍ക്കെതിരെ ശക്തമായ പ്രചരണങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് നടക്കുന്നതിനിടെയാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യത്തെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി സൃഷ്ടിച്ചെടുത്ത വാക്കാണ് ലൗ ജിഹാദ് എന്ന് രാജസ്ഥാന്‍ മുഖ്യന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലൗ ജിഹാദ് എന്നൊന്നില്ലെന്ന് വ്യക്തമായിട്ടും രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനുമായി ബി.ജെ.പി ഇത് ഉപയോഗിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു.
വിവാഹമെന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെതിരെ നിയമം കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണ്. ഒരു കോടതി നിയമത്തിലും അത് നിലനില്‍ക്കില്ല. പ്രണയത്തില്‍ ജിഹാദിന് സ്ഥാനമില്ല. ഭരണകൂടത്തിന്റേയും അധികാരികളുടേയും അനുമതിക്കായി യുവാക്കള്‍ കാത്തുനില്‍ക്കേണ്ട ഒരു സാഹചര്യമാണ് അവര്‍ സൃഷ്ടിക്കുന്നത്. വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്, ഇവര്‍ അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു, ഇത് വ്യക്തിസ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നുമായിരുന്നു ഗെലോട്ട് പ്രതികരിച്ചത്.
ലൗ ജിഹാദ് വിളികള്‍ സാമുദായിക ഐക്യം തകര്‍ക്കാനും സാമൂഹിക സംഘട്ടനത്തിന് വഴിയൊരുക്കാനും അതുവഴി ഭരണഘടനാ വ്യവസ്ഥകള്‍ അവഗണിക്കാനുമുള്ള നീക്കം മാത്രമാണെന്നും ഗെലോട്ട് പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ ഗെലോട്ടിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ‘ലൗ ജിഹാദ്’ കാരണം ‘ആയിരക്കണക്കിന് യുവതികള്‍’ കുടുങ്ങിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞത്
വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെങ്കില്‍ സ്ത്രീകള്‍ക്ക് അവരുടെ മതത്തില്‍ തന്നെ തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമായിരുന്നെന്നും ഷെഖാവത്ത് പറഞ്ഞു.
വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ഗെലോട്ട് ഈ വഞ്ചനയെ ന്യായീകരിക്കുന്നത് ചില അജണ്ടകളുടെ ഭാഗമാണെന്നും ഷെഖാവത്ത് പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനവും ‘ലൗ ജിഹാദും’ തടയാന്‍ ഉത്തര്‍പ്രദേശില്‍ നിയമനിര്‍മാണം കൊണ്ട് വരുമെന്ന് അടുത്തിടെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഇതേകാര്യം വ്യക്തമാക്കിയിരുന്നു.
വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക അടക്കമുള്ള ബി.ജെ.പി സര്‍ക്കാറുകള്‍ നിയമനിര്‍മാണം നടത്തുന്നതിനിടെയാണ് രാജസ്ഥാനിലെയും ചത്തീസ്ഗഢിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇതിനെതിരെ രംഗത്ത് വരുന്നത്.
അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ പാര്‍ലമെന്റില്‍ അറിയിച്ചത് ലൗ ജിഹാദ് എന്നൊന്ന് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള കേസുകളൊന്നും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക