ഭൂപതി-ബൊപ്പണ്ണ സംഖ്യത്തിന്റെ വിലക്ക് കോടതി സ്‌റ്റേ ചെയ്തു
DSport
ഭൂപതി-ബൊപ്പണ്ണ സംഖ്യത്തിന്റെ വിലക്ക് കോടതി സ്‌റ്റേ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd September 2012, 10:11 am

ബാംഗ്ലൂര്‍: ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ എന്നിവരെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയ ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്‍ നടപടി കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു.

ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ 2014 ജൂണ്‍ 30 വരെയാണ് രണ്ട് പേര്‍ക്കും രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് അസോസിയേഷന്റെ നടപടിക്കെതിരെ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.[]

വിലക്ക് ഏര്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസയയ്ക്കാനും ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍ ഉത്തരവിട്ടു.

ഭൂപതിയില്‍ നിന്നോ രോഹന്‍ ബൊപ്പണ്ണയില്‍ നിന്നോ കൃത്യമായ വിശദീകരണം കേള്‍ക്കാതെയാണ് ടെന്നീസ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയതെന്നും അസോസിയേഷന്റെ നടപടി ഏകപക്ഷീയമായിരുന്നെന്നും ഇരുവര്‍ക്കുംവേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത്യ സോധി കോടതിയില്‍ ബോധിപ്പിച്ചു.

തുടര്‍ന്നാണ് നടപടി സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.

താരങ്ങള്‍ക്കെതിരെയുള്ള അച്ചടക്കനടപടി ഏകാധിപത്യപരമല്ലെന്നും ജനാധിപത്യപരമാണെന്നും ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ടെന്നിസ് അസോസിയേഷന്‍ നടപടിയ്‌ക്കെതിരെ ഭൂപതിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് അസോസിയേഷന്‍ ഇക്കാര്യം പത്രം കുറിപ്പില്‍ പറഞ്ഞത്.

അസോസിയേഷന്റെ പ്രവര്‍ത്തനം വണ്‍മാന്‍ ഷോ അല്ലെന്നും ജനാധിപത്യ രീതിയിലുള്ളതാണെന്നും അസോസിയേഷന്‍ അറിയിച്ചു. താരങ്ങള്‍ അച്ചടക്കം ലംഘിക്കുമ്പോഴാണ് അതിനെതിരെ നടപടിയെടുക്കുന്നത്.

അതില്‍ വികാരപരമായി ഒന്നുമില്ല. അച്ചടക്ക ലംഘനം നടത്തിയത് ആരായാലും അവര്‍ക്കെതിരെ അസോസിയേഷന്‍ നടപടിയെടുത്തിരിക്കും. വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തിനുപിന്നില്‍ അനില്‍ ഖന്നയാണെന്ന മഹേഷ് ഭൂപതിയുടെ ആരോപണം ശരിയല്ലെന്നും അസോസിയേഷന്‍ പറഞ്ഞിരുന്നു.