| Friday, 18th October 2024, 1:22 pm

വിജയ് സാര്‍ മുന്നോട്ട് ആഞ്ഞുപോയി; അദ്ദേഹത്തിന്റെ പുറത്ത് ചാടിക്കയറുന്ന സീന്‍ ചെയ്യാന്‍ ഞാന്‍ പേടിച്ചു: ഭൂമിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പി.എ. അരുണ്‍ പ്രസാദ് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ബദ്രി. വിജയ് നായകനായ ചിത്രത്തില്‍ വിവേക്, റിയാസ് ഖാന്‍, ഭൂപീന്ദര്‍ സിങ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. സിനിമയില്‍ ഭൂമിക ചൗളയായിരുന്നു നായികയായി എത്തിയത്.

ഭൂമികയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ബദ്രി. സിനിമ 100 ദിവസം തിയേറ്ററില്‍ ഓടുകയും ബോക്സ് ഓഫീസില്‍ വലിയ വാണിജ്യ വിജയമാകുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ഇന്നും മിക്കവരും ഇഷ്ടപ്പെടുന്ന ഗാനമാണ് ‘കാതല്‍ സൊല്‍വത്’. ഈ ഗാനം ചിത്രീകരിച്ചതിനെ കുറിച്ച് പറയുകയാണ് നടി ഭൂമിക. ലിറ്റില്‍ ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ബദ്രി എന്റെ ആദ്യത്തെ തമിഴ് സിനിമയായിരുന്നു. ആ സിനിമയുടെ ഷൂട്ടിങ് സമയം ശരിക്കും വളരെ മനോഹരമായിരുന്നു. ഞാന്‍ ഒരേ സമയം എക്‌സൈറ്റിങ്ങും നെര്‍വസുമായ ഒരു സിനിമയായിരുന്നു അത്. കാരണം ആ സിനിമ എങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

ബദ്രിയില്‍ ഞങ്ങള്‍ക്ക് ഒരു പാട്ട് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അതിന്റെ ഷൂട്ടിങ് ഇവിടെ വെച്ചായിരുന്നില്ല, പകരം ഇന്ത്യക്ക് പുറത്ത് വെച്ചായിരുന്നു ഷൂട്ട് നടന്നത്. ആ പാട്ടില്‍ ഒരു സീനില്‍ എനിക്ക് വിജയ് സാറിന്റെ പുറത്തേക്ക് ചാടിക്കയറുന്ന സീന്‍ ചെയ്യാനുണ്ടായിരുന്നു. സത്യത്തില്‍ ഞാന്‍ ആ സീന്‍ ചെയ്യാന്‍ നേരം ഒരുപാട് പേടിച്ചിരുന്നു.

ഓരോ തവണ അത് ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴും വിജയ് സാര്‍ മുന്നോട്ട് കുനിഞ്ഞു പോകുമായിരുന്നു. അഥവാ വീണ്ടും പുറത്ത് കയറാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ പിന്നോട്ട് വീണാല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ പേടിച്ചു. അന്ന് അതോര്‍ത്ത് ഒരുപാട് പേടിച്ചിരുന്നു എന്നതാണ് സത്യം. ഇന്നും ബദ്രി എന്ന സിനിമയെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്ന കാര്യം അതാണ്,’ ഭൂമിക ചൗള പറഞ്ഞു.


Content Highlight: Bhumika Talks About Vijay And Badri Movie

We use cookies to give you the best possible experience. Learn more