ഭാസ്‌കര പട്ടേലര്‍ വീണ്ടും? ഭ്രമയുഗം പുതിയ പോസ്റ്റര്‍
Entertainment news
ഭാസ്‌കര പട്ടേലര്‍ വീണ്ടും? ഭ്രമയുഗം പുതിയ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th September 2023, 3:31 pm

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഹൊറര്‍ ത്രില്ലറായൊരുങ്ങുന്ന ചിത്രത്തില്‍ ഭയാനകമായ ലുക്കിലാണ് മമ്മൂട്ടിയെ കാണുന്നത്. നേരത്തെ പുറത്തുവന്ന ക്ലോസപ്പ് ഫസ്റ്റ് ലുക്കിന്റെ ഫുള്‍ ഷോട്ട് ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരു കസേരയില്‍ കൈ ചുരുട്ടി പിടിച്ച് ഇരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. കൈയില്‍ ഒരു മോതിരവും, കഴുത്തില്‍ ഒരു മാലയും മമ്മൂട്ടിയുടെ കഥാപാത്രം അണിഞ്ഞിരിക്കുന്നത് കാണാം. മമ്മൂട്ടിയുടെ ഏറെ ഹിറ്റായി മാറിയ വിധേയനിലെ ഭാസ്‌കര പട്ടേലറെ ഓര്‍മിപ്പിക്കുന്ന പോലെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പോസ്റ്റര്‍.

മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്.

രാഹുല്‍ സദാശിവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ് ഭ്രമയുഗമെന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്. ‘ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിര്‍മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്ക് നല്‍കുന്ന വലിയൊരു വിരുന്നായിരിക്കും ഈ ചിത്രമെന്ന് പ്രതീക്ഷിക്കുന്നു,’ രാഹുല്‍ പറഞ്ഞു.

കൊച്ചിയും ഒറ്റപ്പാലവുമാണ് ഭ്രമയുഗത്തിന്റെ പ്രധാന ലൊക്കേഷന്‍സ്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ്: മെല്‍വി ജെ., പി.ആര്‍.ഒ: ശബരി.

Content Highlight: Bramayugam movie new poster out now