|

കോണ്‍ഗ്രസുകാര്‍ക്കും ചതിയന്മാര്‍ക്കും ഇന്ത്യയില്‍ സ്ഥാനമില്ല; ഹിന്ദുക്കളാണ് രാജ്യസ്‌നേഹികള്‍; വീണ്ടും വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിംഗ് താക്കൂര്‍ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: രാജ്യസ്‌നേഹികള്‍ക്ക് മാത്രമേ ഇന്ത്യയില്‍ നില്‍ക്കാന്‍ സ്ഥാനമുള്ളൂവെന്നും കോണ്‍ഗ്രസുകാര്‍ക്കും ചതിയന്മാര്‍ക്കും രാജ്യത്ത് സ്ഥാനമൊന്നുമില്ലെന്നും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബി.ജെ.പി ഭോപ്പാല്‍ എം.പിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. പ്രഗ്യാ സിംഗ് താക്കൂറിനെ കാണാനില്ലെന്ന് കൊവിഡ് സമയത്ത് പ്രചരിച്ചിരുന്ന പോസ്റ്ററുകളെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു താക്കൂറിന്റെ പരാമര്‍ശം.

കൊവിഡ് സമയത്ത് ഭോപ്പാലിലെ ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എത്തിച്ചു കൊടുക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രഗ്യാ സിംഗ് താക്കൂറിനെ കാണാനില്ലെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അത്തരം പോസ്റ്ററുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്നാണ് താക്കൂര്‍ പറഞ്ഞത്.
”മൃഗങ്ങള്‍ക്കും വികാരമുണ്ട്. അവയുടെ കുഞ്ഞുങ്ങള്‍ മരിക്കുമ്പോഴോ അസുഖം ബാധിക്കുമ്പോഴോ അവ കരയും. എന്നാലിവര്‍ മൃഗങ്ങളേക്കാള്‍ മോശമാണ്.

അസുഖബാധിതരെ അത്തരത്തില്‍ പരിഗണിക്കുന്നില്ല. ആദ്യം അവരെന്നെ ഉപദ്രവിച്ചു. ഞാന്‍ അസുഖബാധിതയായപ്പോള്‍ എന്നെ കാണാനില്ലെന്ന് പറഞ്ഞ് അവര്‍ പോസ്റ്ററുകള്‍ പുറത്തിറക്കി,” പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.

മധ്യപ്രദേശിലെ ഭോപ്പാല്‍ സൗത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ പി.സി. ശര്‍മ കൂടെ പങ്കെടുത്ത ദസറ ആഘോഷ പരിപാടിക്കിടെയായിരുന്നു ശര്‍മയെ ഉന്നംവെച്ചു കൊണ്ടുള്ള താക്കൂറിന്റെ പരാമര്‍ശം.

ഇത്തരം ആളുകള്‍ക്ക് എം.എല്‍.എമാരാവാന്‍ യോഗ്യതയില്ല. ഈ കോണ്‍ഗ്രസുകാരെയോര്‍ത്ത് ലജ്ജ തോന്നുന്നു. ഇത്തരം ചതിയന്മാര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. രാജ്യസ്‌നേഹികള്‍ മാത്രമേ ഇവിടെ നിലനില്‍ക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നര്‍മദാ നദിയെ പ്രദക്ഷിണം വെയ്ക്കുന്നത് വഴി ഒരു അധര്‍മിയും ഭക്തനായി മാറില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു കൊണ്ട് താക്കൂര്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. 2017ലായിരുന്നു ദിഗ്‌വിജയ് സിംഗ് 3300 കിലോമീറ്റര്‍ നര്‍മദാ നദിയെ പ്രദക്ഷിണം ചെയ്തത്.

താക്കൂറിന്റെ പരാമര്‍ശത്തിന് പിന്നാലെ എം.എല്‍.എ പി.സി. ശര്‍മ പരിപാടിയ്ക്കിടയില്‍ നിന്നും ഇറങ്ങിപ്പോയി. ”അതൊരു പൊതുവേദിയായിരുന്നു. അല്ലാതെ രാഷ്ട്രീയ വേദിയായിരുന്നില്ല, ഇത്തരത്തില്‍ രാഷ്ട്രീയ പരാമര്‍ശം നടത്താന്‍.

അത് ദസറ പരിപാടിയായിരുന്നു. എന്നിട്ടും നര്‍മദാ നദിയെ പ്രദക്ഷിണം ചെയ്തവരെ അവര്‍ അപമാനിച്ചു. ഇത് വിമര്‍ശിക്കപ്പെടണം,” പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോന്നതിന് ശേഷം പി.ടി.ഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ശര്‍മ പറഞ്ഞു.

ഹിന്ദുക്കള്‍ രാജ്യസ്‌നേഹികളാണെന്നും അതുകൊണ്ടു തന്നെ രാജ്യം അവര്‍ക്കൊപ്പമാണെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ പരിപാടിയ്ക്കിടെ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bhopal’s BJP MP Pragya Singh Thakur’s irked response to posters which said she was missing