| Sunday, 11th December 2016, 7:28 pm

രാഷ്ട്രീയ വിയോജിപ്പുള്ള മുഖ്യമന്ത്രിമാരുടെ പൗരാവകാശം നിഷേധിക്കുന്നത് കേന്ദ്ര നയമാണോയെന്ന് മോദി വ്യക്തമാക്കണമെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഷ്ട്രീയ വിയോജിപ്പുള്ള മുഖ്യമന്ത്രിമാര്‍ക്ക് പൗരാവകാശം നിഷേധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നയമാണോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാഷ്ട്രീയ വിയോജിപ്പുള്ള മുഖ്യമന്ത്രിമാര്‍ക്ക് പൗരാവകാശം നിഷേധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നയമാണോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ തടഞ്ഞത് കേരളീയരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ്. എല്ലാം ചെയ്തശേഷം ഒരു ഖേദപ്രകടനം കൊണ്ട് തീര്‍ക്കാവുന്ന കാര്യമല്ലെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. കേന്ദ്ര സര്‍ക്കാരിന്റേയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റേയും അറിവോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഒരു ഫാസിസ്റ്റ് ചെയ്തിയാണിതെന്നും അദ്ദേഹം ആരോപിച്ചു.


ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് മറ്റൊരു സംസ്ഥാനത്ത് മുന്‍കൂട്ടി തയ്യാറാക്കിയ നിയമവിധേയ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സംരക്ഷണം നല്‍കേണ്ട ചുമതല ആ സംസ്ഥാനത്തെ സര്‍ക്കാരിന്റേതാണെന്നും കോടിയേരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പിറന്ന നാട്ടിലെ മുഖ്യമന്ത്രി, ജീവിക്കുന്ന സംസ്ഥാനത്തെത്തിയപ്പോള്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേയാണ് ഭോപ്പാലിലെ മലയാളികള്‍ സ്വീകരണമൊരുക്കിയത്. ദേശസ്‌നേഹം നിറഞ്ഞ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് കേരള മുഖ്യമന്ത്രിക്ക് വിലക്ക് കല്‍പ്പിച്ചത്.

മുഖ്യമന്ത്രിയുടെ പരിപാടി തടയുന്നതിന് ആര്‍.എസ്.എസും പൊലീസും പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ചു. രാജ്യത്തെ ഭരണക്രമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അതിഥിയാണ് മുഖ്യമന്ത്രി. ഒരു കൂട്ടം ആര്‍.എസ്.എസുകാരില്‍ നിന്നും സംരക്ഷണം നല്‍കേണ്ട ഉത്തരാവാദിത്തം ആ സര്‍ക്കാരിനുണ്ടായിരുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.


കൊലപാതക രാഷ്ട്രീയത്തിന്റെ മുഖമുദ്രയായ ആര്‍.എസ്.എസ് സ്വയം വെള്ളപൂശുന്നതിനു വേണ്ടി സി.പി.ഐ.എമ്മിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമെതിരെ വ്യാജ പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതൊന്നും ജനങ്ങള്‍ ഏറ്റെടുക്കാത്ത നിരാശയില്‍ നിന്നാണ് പിണറായിയെ സംസാരിക്കാന്‍ അനുവദിക്കാത്ത ഫാസിസ്റ്റ് ഭീകരരീതി അവലംബിച്ചതെന്നും കോടിയേരി പറഞ്ഞു.

മാസങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട് ബി.ജെ.പിയുടെ ദേശീയ സമ്മേളനം നടന്നത്. ചൗഹാന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളുമെല്ലാം 4 ദിവസം അവിടെ സ്വാതന്ത്ര്യത്തോടെ സമ്മേളിച്ചു. ഒരു പൗരാവകാശ നിഷേധവുമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more