ഭോപ്പാല്‍ സംഭവം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അസഹിഷ്ണുതയുടെ തെളിവെന്ന് ഡി.രാജ
Daily News
ഭോപ്പാല്‍ സംഭവം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അസഹിഷ്ണുതയുടെ തെളിവെന്ന് ഡി.രാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th December 2016, 3:06 pm

സംഭവം ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കു പോലും അവകാശങ്ങള്‍ നിഷേധിക്കുന്ന ബി.ജെ.പി സാധാരണക്കാരോട് എങ്ങനെയായിരിക്കും പെരുമാറുകയെന്നും അദ്ദേഹം ചോദിച്ചു. 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ മധ്യപ്രദേശ് പൊലീസ് തടഞ്ഞതു  ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ എംപി.

സംഭവം ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കു പോലും അവകാശങ്ങള്‍ നിഷേധിക്കുന്ന ബി.ജെ.പി സാധാരണക്കാരോട് എങ്ങനെയായിരിക്കും പെരുമാറുകയെന്നും അദ്ദേഹം ചോദിച്ചു.

കണ്ണൂരില്‍ ദേശീയ സമാധാന, ഐക്യദാര്‍ഢ്യ സംഘടനയുടെ (ഐപ്‌സോ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനാധിപത്യത്തെ പോലും ബഹുമാനിക്കാത്തവരാണ് ബി.ജെ.പി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയും അവരാണ്. ഒരേ ഒരു രാജ്യം, ഒരു മതം, ഒരു പാര്‍ട്ടി, ഒറ്റ നേതാവ് എന്ന രീതിയിലാണ് ബി.ജെ.പിയുടെ പ്രചാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നൂറുകണക്കിനു സംസ്‌കാരവും ഭാഷകളുമുള്ള ഇന്ത്യയുടെ നാനാത്വവും വൈവിധ്യവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്. ഇന്ത്യന്‍ ദേശീയതയുടെ അവസാന ഉരകല്ലെന്നു സ്വയം വിശേഷിപ്പിച്ചു നടക്കുന്ന ആര്‍.എസ്.എസുകാര്‍ ഏതെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതായി അറിയില്ലെന്നും ഡി.രാജ പറഞ്ഞു.

കഴിഞ്ഞ ദിവസം ആര്‍.എസ്.എസിന്റെ ഭീഷണി ചൂണ്ടിക്കാണിച്ച് ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി മധ്യപ്രദേശ് പൊലീസ് തടഞ്ഞിരുന്നു. മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോളാണ് മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞത്.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പരിപാടി തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സംഘര്‍ഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു  ഇത്.