ഭോപ്പാൽ നഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ 10 പേരും വിഷവാതക ദുരന്തത്തിന് ഇരയായവർ; ലക്ഷക്കണക്കിന് പേർ ആശങ്കയിൽ
അഹമ്മദാബാദ്: ഭോപ്പാൽ നഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ചതിൽ പത്ത് പേരും വിഷവാതക ദുരന്തത്തിന് ഇരയായവർ. ഏപ്രിൽ 22 വരെയുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു . ഭോപ്പാലിലെ യൂണിയൻ കാർബെെഡ് ഫാക്ടറിയിലെ വിഷവാതക ദുരന്തത്തിൽ പ്രതിരോധ ശേഷി നശിച്ച ആളുകൾക്ക് കൊവിഡ് ബാധിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ.
ഭോപ്പാലിലെ ഗ്യാസ് ട്രാജഡിയെ അതിജീവിച്ച അഞ്ച് ലക്ഷത്തോളം പേർ ഇന്നും നഗരത്തിൽ താമസിക്കുന്നുണ്ട് എന്നത് ആശങ്ക ഉയർത്താൻ ഇടയാക്കുന്നു. വിഷവാതക ദുരന്തത്തെ അതിജീവിച്ചതിൽ ഭൂരിഭാഗം പേരും ഹെെപ്പർ ടെൻഷൻ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കിഡ്നി തകരാറ് തുടങ്ങിയ രോഗങ്ങൾ ഉള്ളവരാണ്. ഇത്തരത്തിൽ നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് കൊവിഡ് വന്നാൽ രക്ഷപ്പെടുത്താൻ പ്രയാസമായിരിക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്.
മാർച്ച് 22നാണ് ഭോപ്പാലിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഭോപ്പാൽ നഗരത്തിൽ ഗ്യാസ് ട്രാജഡിയുടെ ഇരകൾക്ക് കൊവിഡ് ബാധയുടെ വിഷയത്തിൽ പ്രത്യേക പരിചരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി എൻ.ജി.ഒകൾ രംഗത്തുണ്ട്. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇവർ കത്തും അയച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.