| Tuesday, 14th March 2023, 12:40 pm

ഭോപാല്‍ വിഷവാതക ദുരന്തത്തില്‍ നഷ്ടപരിഹാരം കൂട്ടണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1984 ഭോപാല്‍ വിഷവാതക ദുരന്തത്തില്‍ ഇരകളായവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തിരുത്തല്‍ ഹരജി തള്ളി സുപ്രീം കോടതി. അമേരിക്കന്‍ കെമിക്കല്‍ നിര്‍മാണ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനില്‍ നിന്നുമാണ് തുക ഈടാക്കിയിരുന്നത്. കേസില്‍ 1989 ല്‍ കോടതി പുറപ്പെടുവിച്ച വിധി പ്രകാരം 715 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്പനി നല്‍കിയത്.

എന്നാല്‍ ഇതിന് പുറമെ 7844 കോടി രൂപ അധികമായി ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

കമ്പനിയുടെ മേല്‍ അധിക ഭാരം ചുമത്തുന്നത് ശരിയായ നടപടിയല്ലെന്ന് വ്യക്തമാക്കിയ കോടതി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുകയില്‍ കുറവുണ്ടെങ്കില്‍ അത് നികത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

കേസ് വീണ്ടും തുറക്കുന്നത് പല പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, അഭയ് എസ്. ഓക്ക, വിക്രം നാഥ്, ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണാഘടനാ ബെഞ്ചിന്റേതാണ് വിധി.

1984ല്‍ നടന്ന ഭോപാല്‍ വിഷവാതക ദുരന്തത്തില്‍ മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ പിന്‍ഗാമിയായ ഡൗ കെമിക്കല്‍സിനെ എതിര്‍കക്ഷിയാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്.

Content Highlight: Bhopal Gas Tragedy: Supreme Court rejects Central government’s curative petition for enhancement of compensation

We use cookies to give you the best possible experience. Learn more