| Monday, 31st October 2016, 11:50 pm

വ്യാജ ഏറ്റുമുട്ടലുകള്‍ ആവര്‍ത്തിക്കുമ്പോള്‍ വിജയലക്ഷ്മിയുടെ 'ഊഴം' വീണ്ടും ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംഭവത്തിന്റെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും പൊലീസിനു നേരെ ചോദ്യശരങ്ങള്‍ പായിക്കുന്നതാണ്. ഈ അവസരത്തില്‍ സോഷ്യല്‍മീഡിയയിലും മറ്റും ഇപ്പോള്‍ ചര്‍ച്ചയാകുന്നത് 12 വര്‍ഷം മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു കവിതയാണ്.


കോഴിക്കോട്: ഭോപ്പാലില്‍ പൊലീസിന്റെ ഏറ്റുമുട്ടലില്‍ 8 സിമിപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്നതിനു പിന്നാലെ പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ദിഗ്വിജയ് സിങ്, സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, അരവിന്ദ് കെജരിവാള്‍ തുടങ്ങി നിരവധി പ്രമുഖരാണ് രംഗത്തു വന്നത്.

ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന സംശയമാണ് ഏവരും ഉയര്‍ത്തുന്നത്. സംഭവത്തിന്റെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും പൊലീസിനു നേരെ ചോദ്യശരങ്ങള്‍ പായിക്കുന്നതാണ്. ഈ അവസരത്തില്‍ സോഷ്യല്‍മീഡിയയിലും മറ്റും ഇപ്പോള്‍ ചര്‍ച്ചയാകുന്നത് 12 വര്‍ഷം മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു കവിതയാണ്.

2004 ജൂണില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പ്രശസ്ത കവയത്രി വിജയലക്ഷ്മിയുടെ “ഊഴം” എന്ന കവിത. ഗുജറാത്തിലെ അഹമ്മദാബാദില്‍ പോലീസ് വെടിവെപ്പില്‍ മരിച്ച ഇസ്രത്ത് ജഹാന്‍ എന്ന കോളേജ് വിദ്യാര്‍ഥിനിയെയും കൂട്ടരെയും കുറിച്ചായിരുന്നു ഈ കവിത.


Also Read: രണ്ടാം വിവാഹശേഷം ദിഗ്‌വിജയ് സിങ്ങിന് മാനസികനില നഷ്ടപ്പെട്ടു: സുബ്രഹ്മണ്യന്‍ സ്വാമി


2004 ജൂണ്‍ 15നാണ് ഇസ്രത്തിനെയും പ്രണേഷ്‌കുമാര്‍ എന്ന ജാവേദിനെയും മറ്റു രണ്ടുപേരെയും ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത്. പതിവുപോലെ ഇതും ഒരു ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നാണ് വിശദീകരിക്കപ്പെട്ടത്. പൊലീസുകാരുടെ മൊഴി അടിച്ചേല്‍പ്പിക്കപ്പെട്ട സംഭവം.

അന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്‍ ഈ കവിതക്കെതിരായി വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.


Don”t Miss: ഭോപാല്‍ ഏറ്റുമുട്ടല്‍ കൊല വ്യജമെന്ന് കട്ജു; വെടിവെച്ച പോലീസുകാര്‍ക്കും ഉത്തരവിട്ടവര്‍ക്കും വധശിക്ഷ നല്‍കണം


മണിപ്പൂരിലെ ഗ്രാമത്തില്‍ സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന മുപ്പതുകാരിയായ മനോരമാദേവിയെ ആസ്സാം റൈഫിള്‍സിലെ പോലീസുകാര്‍ വീട്ടില്‍ചെന്ന് മര്‍ദ്ദിച്ച് അവശയാക്കി. വീട്ടുകാരുടെ മുമ്പില്‍ വെച്ച് കയ്യും കാലും കെട്ടി അവരെ കസ്റ്റഡിയിലെടിത്തു. തൊട്ടടുത്തദിവസം തന്നെ സമീപത്തുള്ള ഗ്രാമത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട മനോരമയുടെ ജഡം കണ്ടെടുത്തു.

കൊല്ലപ്പെട്ട മനോരമ ഒരു ഭീകരവാദിയാണെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. നിരോധിക്കപ്പെട്ട സംഘടനയിലെ അംഗം. ഇതിനെതിരെ മണിപ്പൂരില്‍ ഒരു കൂട്ടം മധ്യവയസ്‌കരായ സ്ത്രീകള്‍ പൂര്‍ണ്ണനഗ്നരായി ആസ്സാം റൈഫിള്‍സിലേക്ക് ഇരച്ചുകയറി നടത്തിയ  പ്രതിഷേധം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനൊക്കെ ഒപ്പം ചേര്‍ത്തു വായിക്കാന്‍ ഇപ്പോഴിതാ ഭോപ്പാല്‍ ഏറ്റുമുട്ടലും.


Don”t Miss: സിമി പ്രവര്‍ത്തകര്‍ ജയിലിന്റെ പൂട്ടുതുറന്നത് ‘ടൂത്ത് ബ്രഷും മരത്തടിയും’ ഉപയോഗിച്ചെന്ന് മധ്യപ്രദേശ് ഐ.ജി


ഊഴം
—————

അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോടു പറഞ്ഞു;

കണ്ടില്ലേ , എന്റെ കൈകളില്‍ ചേര്‍ത്തുവെച്ചത്?
അല്ല , ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല .
എനിക്കു വെടിയുണ്ടകളെ അറിയില്ല,
എന്റെമേല്‍ തറഞ്ഞതിനെ ഒഴികെ.

ആ ഡയറിക്കുറിപ്പുകളും എന്റേതല്ല,
ഹിറ്റ് ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ.

കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല.
എങ്കില്‍
എനിക്കും കാണണം,
ഞങ്ങളുടെ പേര് ഹിറ്റ് ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശൃമായ
ആ നാരകീയ ഡയറി.

മരിച്ചുചെന്നപ്പോഴാണറിയുന്നത്.
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും
പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു ,

മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച്.

അതിനുശേഷം ചിത്രങ്ങളെടുത്തു പ്രദര്‍ശിപ്പിച്ച്
അവരെ അപമാനിച്ചതേക്കുറിച്ച്.

കാല്പനികങ്ങളായ ഡയറിക്കുറിപ്പുകള്‍
അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്.

മൃതദേഹങ്ങള്‍ കളവ് പറയാറില്ല.

ഞങ്ങളാണ് സതൃം,
ഞങ്ങള്‍ മാത്രമാണ് സതൃം.

പക്ഷേ…,

മൃതദേഹങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും ?

കഴിയും
പകലുകളില്‍നിന്നു മായ്ച്ചു കളഞ്ഞ്
പത്രത്താളിലും വാര്‍ത്താ ബോര്‍ഡിലും
അത്താഴപ്പുറമെ അലസമായ
മിനിസ്‌ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍
ഞങ്ങളുടെ ചോര
നിശബ്ദമായി തെളിഞ്ഞുവരും.

ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും ചുണ്ടുചേര്‍ത്ത് ,
സൂരൃനുദിക്കും വരെയും അത്
മൃദുവായി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും;

” ഉറങ്ങാതിരിക്കുക ,
പുലരുന്നത്,
നിങ്ങളുടെ ഊഴം “

വിജയലക്ഷ്മി……..

We use cookies to give you the best possible experience. Learn more