| Tuesday, 8th November 2016, 2:39 pm

ഭോപ്പാല്‍ ഏറ്റുമുട്ടല്‍; അന്വേഷണ സംഘത്തലവന്‍ ആര്‍.എസ്.എസ് അനുഭാവിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധ്യപ്രദേശ് മുന്‍ അഡ്വക്കറ്റ് ജനറല്‍ ആനന്ദ് മോഹന്‍ മാത്തൂരാണ് ആരോപണവുമായി രംഗത്തെത്തിയത്. അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും മാത്തൂര്‍ ആരോപിച്ചു.


ഭോപ്പാല്‍: ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി എസ്.കെ പാണ്ഡെ ആര്‍.എസ്.എസ് അനുഭാവിയാണെന്ന് ആരോപണം.

മധ്യപ്രദേശ് മുന്‍ അഡ്വക്കറ്റ് ജനറല്‍ ആനന്ദ് മോഹന്‍ മാത്തൂരാണ് ആരോപണവുമായി രംഗത്തെത്തിയത്. അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും മാത്തൂര്‍ ആരോപിച്ചു.

ഭോപ്പാലിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി എസ്.കെ പാണ്ഡെക്കായിരുന്നു അന്വേഷണ ചുമതല.

ഇക്കാര്യം ചൂണ്ടിക്കാട്ടി ആനന്ദ് മോഹന്‍ മാത്തൂര്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന് കത്തയച്ചു. പാണ്ഡെയുടെ നിയമനം നീതിപൂര്‍വ്വമല്ലെന്നും ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആര്‍.എസ്.എസ് ഗുഡാലോചനയെ സഹായിക്കാനാണെന്നും മാത്തൂര്‍ ആരോപിക്കുന്നു.

പാണ്ഡെ ആര്‍.എസ്.എസിനെയും ബി.ജെ.പിയും പിന്തുണക്കുന്നയാളാണ്. ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ തന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിന് സുപ്രീംകോടതി ജഡ്ജി നേതൃത്വം നല്‍കണമെന്നും മാത്തൂര്‍ ആവശ്യപ്പെട്ടു.

ഈ മാസം ഒന്നിനാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സംഭവത്തിന്റേതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തിപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാരും കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള വയര്‍ലെസ് സംഭാഷണവും പുറത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more