| Wednesday, 26th January 2022, 12:05 pm

ഓരോ ദിവസവും ഷെയ്ന്‍ സെറ്റിലെത്തുക ഈ രീതിയിലാണ്; ഭൂതകാലം ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ആതിര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ പിടിച്ചുപറ്റി മുന്നേറുകയാണ് രാഹുല്‍ സദാശിവം സംവിധാനം ചെയ്ത ഭൂതകാലം.

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നും അടുത്തിടെയിറങ്ങിയതില്‍ മികച്ച സിനിമകളിലൊന്നുമാണ് ഭൂതകാലമെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ജെയിംസ് ഏലിയ, രേവതി, ഷൈജു കുറുപ്പ്, ഷെയ്ന്‍ നിഗം, ആതിര പട്ടേല്‍ എന്നിവര്‍ പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രം കഥയും കഥാപാത്രങ്ങളും മേക്കിങ്ങും പെര്‍ഫോമന്‍സുകളും കൊണ്ട് ഏറെ മികവ് പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി ആതിര പട്ടേല്‍.

ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്നും വളരെ സന്തോഷമുണ്ടെന്നുമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആതിര പറയുന്നത്. രാഹുല്‍ ചേട്ടനാണ് സ്‌ക്രിപ്റ്റ് പറഞ്ഞുതന്നത്. അപ്പോള്‍ തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകണമെന്ന് ഉറപ്പിക്കുകയായിരുന്നു. അത്രയേറെ മനോഹരമായിട്ടായിരുന്നു അദ്ദേഹം സ്‌ക്രിപ്റ്റ് നരേറ്റ് ചെയ്തത്, ആതിര പറഞ്ഞു.

ഷെയ്ന്‍ നിഗത്തിനൊപ്പം ഭൂതകാലത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങളും ആതിര അഭിമുഖത്തില്‍ പങ്കുവെച്ചു.

‘ഒരു ദിവസം എടുക്കുന്ന സീനിന്റെ മൂഡ് എങ്ങനെയാണോ അങ്ങനെയായിരിക്കും പുള്ളി വീട്ടില്‍ നിന്നും സെറ്റിലേക്ക് വരിക എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജോളിയായിട്ടുള്ള ഒരു സീനാണ് എടുക്കുന്നതെങ്കില്‍ പുള്ളി കാലത്തുതൊട്ടേ ജോളിയായിരിക്കും. ചൊറിച്ചില്‍ സീനാണെങ്കില്‍ കാലത്തുതൊട്ടേ ചൊറിഞ്ഞോണ്ടിരിക്കും. പാട്ടിന്റെ സീനൊക്കെ എടുക്കുമ്പോള്‍ പുള്ളിയുടെ കയ്യില്‍ ഒരു സ്പീക്കറുണ്ടാകും അതില്‍ പാട്ടൊക്കെ വെച്ച് ഡാന്‍സ് എല്ലാം ചെയ്യുമായിരുന്നു. എനിക്കാണെങ്കില്‍ പാട്ട് കേട്ടുകഴിഞ്ഞാല്‍ ഡാന്‍സ് കളിക്കാതിരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഞാന്‍ അത് നന്നായി എന്‍ജോയ് ചെയ്യുമായിരുന്നു.

മെട്രോയുടെ ഉള്ളിലൊക്കെ പാട്ടുവെച്ച് ഡാന്‍സ് കളിച്ച് പാറിപ്പറന്ന് നടന്ന് ആക്ഷന്‍ എന്ന് പറയുമ്പോഴേക്ക് റെഡിയായി വന്ന് നില്‍ക്കുന്ന ഒരു രീതിയായിരുന്നു. അതായിരുന്നു അനുഭവം. എന്നെ കുറിച്ച് ഇറിറ്റേറ്റ് ഒക്കെ ചെയ്യുമായിരുന്നു ഷെയ്ന്‍ (ചിരി). പിന്നെ ഞാന്‍ വേഗം ഇറിറ്റേറ്റഡ് ആകുന്ന ആളുമാണ്. എന്നിരുന്നാലും രസകരമായിരുന്നു ഷൂട്ടിങ്, ആതിര പറഞ്ഞു.

നല്ല കഥാപാത്രങ്ങളും കഥയും നോക്കി തന്നെയാണ് സിനിമ തിരഞ്ഞെടുക്കുന്നതെന്നും അക്കാര്യത്തില്‍ അമ്മയാണ് തന്നെ സഹായിക്കാറെന്നും ആതിര പറയുന്നു. അമ്മ അത്യാവശ്യം എഴുതുകയും വായിക്കുകയും ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ സ്‌ക്രിപ്റ്റ് വായിക്കുകയും എന്നെ സഹായിക്കുകയും ചെയ്യുന്ന ആള് കൂടിയാണ് അമ്മ.

ചെറുപ്പത്തിലൊക്കെ സിനിമയിലേക്ക് ശ്രമിച്ചിരുന്നു. പക്ഷേ അന്ന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെ ചില ഷോട്ട് ഫിലിമൊക്കെ ചെയ്തിരുന്നെന്നും ആതിര പറഞ്ഞു.

Content Highlight: Bhoothalakam Movie Actress Athira Pattel About Shane Nigam

We use cookies to give you the best possible experience. Learn more