| Tuesday, 25th January 2022, 9:06 pm

ഭൂതകാലം, ഏറ്റവും വേദനിപ്പിച്ച ഹൊറര്‍ ചിത്രം| Bhoothakalam Review

അന്ന കീർത്തി ജോർജ്

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നും അടുത്തിടെയിറങ്ങിയതില്‍ മികച്ച സിനിമകളിലൊന്നുമാണ് ഭൂതകാലം. ഹൊറര്‍ ഴോണറിനോട് താല്‍പര്യമില്ലാത്തവര്‍ക്കും ഭൂതകാലം കാണാം. കഥയും കഥാപാത്രങ്ങളും മേക്കിങ്ങും പെര്‍ഫോമന്‍സുകളും കൊണ്ട് അത്രയേറെ മികവ് പുലര്‍ത്തുന്നുന്നുണ്ട് രാഹുല്‍ സദാശിവന്റെ ഈ ആദ്യ ചിത്രം.

വെള്ള സാരിയും, മുഖം കഴുകി കണ്ണാടിയില്‍ നോക്കുമ്പോള്‍ പിന്നില്‍ വന്നുനില്‍ക്കുന്ന പ്രേതവും, ചുമരിലൂടെ വരുന്ന കൈകളുമടക്കമുള്ള സ്ഥിരം ചേരുവകള്‍ മലയാള സിനിമയില്‍ നിന്നും കുറച്ചൊക്കെ പടിയിറങ്ങിയിട്ടുണ്ടെങ്കിലും പ്രേതബാധയും ഒഴിപ്പിക്കലും അതിന്റെ ബഹളങ്ങളും തന്നെയായി, ഒരേ അച്ചില്‍ തന്നെയാണ് ഇവിടുത്തെ ഹൊറര്‍ സിനിമകളെ പണിതെടുക്കാറുള്ളത്. ഭൂതകാലം പക്ഷെ അങ്ങനെയേയല്ല.

ഭയം എന്ന വികാരത്തെ നമ്മുടെ ഉള്ളിലേക്ക് ആഴ്ന്നിറക്കി, കഥാപാത്രങ്ങള്‍ കടന്നുപോകുന്ന അതേ മാനസികാവസ്ഥയിലേക്ക് കാണുന്നവരെയും കൊണ്ടുചെന്നെത്തിക്കും വിധമാണ് ഭൂതകാലം ഒരുക്കിയിരിക്കുന്നത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ സിനിമ
ഒന്നേ മുക്കാല്‍ മണിക്കൂര്‍ എന്‍ഗേജ് ചെയ്യിപ്പിച്ചുകൊണ്ടാണ് കടന്നുപോകുക. കാണുന്നവരെ ഒരു പ്രത്യേക മൂഡിലെത്തിച്ച് സിനിമക്കൊപ്പം പതുക്കെ നടത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഭയപ്പെടുത്താന്‍ ഏറ്റവും നല്ലത് നിശബ്ദതയും ആ നിശബ്ദതയെ ഭേദിക്കുന്ന ഏറ്റവും ചെറിയ ശബ്ദങ്ങളുമാണെന്ന് ഭൂതകാലം മനസിലാക്കി തരുന്നുണ്ട്. പശ്ചാത്തല സംഗീതവും നിശബ്ദതയും കൈകോര്‍ത്തു നീങ്ങിക്കൊണ്ടാണ് ഇതില്‍ ഭയം സൃഷ്ടിക്കുന്നത്.

സാധാരണയായി കാണുന്ന ജനലിനപ്പുറത്ത് നിന്നുള്ള ഉറവിടമില്ലാത്ത ശബ്ദങ്ങളും വെറുതെ നീങ്ങുന്ന വസ്തുക്കളുമൊക്കെ ഭൂതകാലത്തിലുമുണ്ടെങ്കിലും, ഒട്ടും ബോറടിപ്പിക്കാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

അഭിനേതാക്കളുടെ കണ്ണിലൂടെയാണ് ഭൂതകാലത്തിലെ പേടി പ്രേക്ഷകരിലെത്തുന്നത്. ഓടിമറയുന്ന പ്രേതങ്ങളോ അപ്രതീക്ഷിതമായി ചാടി വീഴുന്ന രൂപങ്ങളുടെയോ അതിപ്രസരമില്ലാതെ തന്നെ സിനിമയിലെ മനുഷ്യര്‍ അനുഭവിക്കുന്ന പേടി നമ്മുടെ ഉള്ളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ കളര്‍ ടോണും ഷെഹ്നാദ് ജലാലിന്റെ ക്യാമറയും ഷഫീഖ്് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും ഈ അനുഭവം പൂര്‍ണ്ണമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

രാഹുല്‍ സദാശിവന്റെ സംവിധാനവും രാഹുലും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നെഴുതിയിരിക്കുന്ന തിരക്കഥയുമാണ് ഭൂതകാലത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഒരു സീന്‍ പോലും എകസ്ട്രാ ആണെന്ന് തോന്നിപ്പിക്കാത്ത വിധം സിനിമയൊരുക്കിയിരിക്കുന്നതില്‍ രാഹുല്‍ സദാശിവനെ അഭിനന്ദിച്ചേ തീരു. പിന്നെ ഇങ്ങനെയും ഹൊറര്‍ പടങ്ങള്‍ ചെയ്യാമെന്ന് കാണിച്ചു തന്നതിനും ഭൂതകാലത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

ഇതൊക്കെ ശരിക്കും നടക്കുമോ, ആത്മാവാണോ അത്, സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളില്ലേ ഇതിന് പിന്നില്‍ എന്നിങ്ങനെ സിനിമ കാണുന്നതിനിടയില്‍ കാര്യമായി ചിന്തിക്കുന്നവരുണ്ടാകാം. ആത്മഹത്യ നടന്ന വീട്, ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില പൊതു അബദ്ധ ധാരണകളെ ഈ സിനിമയും കൊണ്ടുനടക്കുന്നില്ലേ എന്നൊരു ചര്‍ച്ചയും ഒരുപക്ഷെ വന്നേക്കാം.

പക്ഷെ സിനിമ കാണുന്ന സമയത്ത് അതേ കുറിച്ചൊന്നും ആലോചിക്കാനേ തോന്നിയില്ല. കാരണം പ്രേതമുണ്ടോ ഇല്ലയോ എന്നതായിരുന്നില്ല ഈ ഹൊറര്‍ സിനിമയുടെ പ്രധാന പോയിന്റ്. കാരണം, സ്‌നേഹിക്കുന്നവര്‍ക്ക് പോലും നമ്മളെ മനസിലാകാത്തതും ചുറ്റും ആളുകളുണ്ടെങ്കിലും സഹിക്കാനാകാത്ത വിധം ഒറ്റപ്പെടല്‍ അനുഭവിക്കുന്ന അവസ്ഥയുമാണ് മനുഷ്യനെ ഏറ്റവും ഭയപ്പെടുത്തുന്നതെന്നാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.

ആശ എന്ന രേവതി അവതരിപ്പിക്കുന്ന അമ്മ കഥാപാത്രവും ഷെയ്ന്‍ നിഗത്തിന്റെ വിനുവും, ഈ രണ്ട് പേരുടെ കഥയാണ് ഭൂതകാലം. ഇവര്‍ താമസിക്കുന്ന വീട്ടില്‍ വെച്ചുനടക്കുന്ന മരണങ്ങളും തുടര്‍ന്ന് നടക്കുന്ന കുറെ കാര്യങ്ങളും ആ വീട്ടില്‍ മുന്‍പ് നടന്ന സംഭവങ്ങളുമാണ് സിനിമയില്‍ വരുന്നത്.

ഭൂതകാലത്തിലെ ഹൊറര്‍ എലമെന്റുകളല്ലായിരുന്നു സിനിമക്ക് ശേഷം മനസില്‍ ബാക്കിയായത്. പകരം, ആശയും വിനുവും കടന്നുപോകുന്ന ജീവിതാവസ്ഥകളായിരുന്നു. ക്ലിനിക്കല്‍ ഡിപ്രഷനും അതിനോടുള്ള ആളുകളുടെ സമീപനവും അത്തരം ആളുകള്‍ക്കൊപ്പം ജീവിക്കുന്നവര്‍ കടന്നുപോകുന്ന പ്രയാസങ്ങളും ചുറ്റുമുള്ളവര്‍ മനസിലാക്കാത്ത അവസ്ഥയും ഒറ്റപ്പെടലും നിസഹായതയുമൊക്കെയായി വല്ലാത്തൊരു വേദനയാണ് ഈ സിനിമ ഉണ്ടാക്കുന്നത്.

ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന രോഗാവസ്ഥയെ വളരെ അടുത്ത് നിന്ന് ഈ സിനിമ കാണിക്കുന്നുണ്ട്. ആശ സ്‌കൂളില്‍ കുട്ടികള്‍ക്ക് മുന്‍പില്‍ ഒന്നു ചിരിക്കാന്‍ പാടുപെടുന്ന സീനും ഒരു ദിവസം ആശുപത്രിയിലെത്തുമ്പോള്‍ ഇത്രയും നാളുണ്ടായിരുന്ന ഡോക്ടര്‍ക്ക് പകരം പുതിയൊരു ഡോക്ടര്‍ അവിടെയിരിക്കുന്നതും അയാള്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നതും ഇതുകേട്ട ആശ നിരാശയോടെ തിരിച്ചുനടക്കുന്നതും ഏറെ വേദനിപ്പിച്ച രംഗങ്ങളായിരുന്നു.

എല്ലാ മാനസിക പ്രശ്‌നങ്ങളെയും കൗണ്‍സിലിങ്ങിന് പോകുന്നതിനെയും എന്തിന് മാനസികമായി പെട്ടെന്ന് ഒന്ന് തളര്‍ന്നുപോകുന്നതിനെ വരെ ഭ്രാന്ത് എന്ന് മുദ്ര കുത്തുന്ന, ഭ്രാന്തിനെ ഒരു ഭീകരാവസ്ഥയാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന രീതികളെയും സിനിമ ഏറ്റവും വികാരതീവ്രതയോടെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ സൈജു കുറുപ്പിന്റെ കൗണ്‍സിലര്‍ കഥാപാത്രവും ബന്ധുവും അയല്‍ക്കാരും വിനു പോകുന്ന ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളുമൊക്കെ സമൂഹത്തിന്റെ പരിച്ഛേദമാണ്. മുന്‍പിലുള്ള മനുഷ്യരെ മനസിലാക്കാനോ അവരുടെ പക്ഷത്ത് നിന്ന് ചിന്തിക്കാനോ ശ്രമിക്കാത്തയാളുകളെയാണ് ഇവിടെ കാണാന്‍ സാധിക്കുക. എന്നാല്‍ അത് അവരുടെ മാത്രം വ്യക്തിപരമായ തെറ്റോ കുറ്റമോ അല്ല, പകരം അവര്‍ കൂടി ഭാഗമായ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും സിനിമ വ്യക്തമാക്കുന്നുണ്ട്.

സിംഗിള്‍ പാരന്റ്ഹുഡിനോടുള്ള സമൂഹത്തിന്റെ തെറ്റായ മനോഭാവത്തെയും സ്ത്രീകള്‍ മക്കളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിനെ താഴ്ത്തിക്കെട്ടുന്ന രീതിയെയും സിനിമ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്.

വളരെ ചെറിയ കുറെ കാര്യങ്ങളിലൂടെ ഭൂതകാലം ഒട്ടേറെ വിഷയങ്ങള്‍ സംവദിക്കുന്നുണ്ട്. വിനുവിന്റെയും ആശയുടെയും ജീവിതത്തിലെ ആവര്‍ത്തന വിരസതയെ എന്നും രാത്രി കഴിക്കുന്ന ആ ദോശയിലൂടെ വളരെ സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നതൊക്കെ ഇതിന്റെ ഉദാഹരണമാണ്.

കൈകാര്യം ചെയ്യുന്ന നിരവധി വിഷയങ്ങളുണ്ടെങ്കിലും അവയൊന്നും ഉപദേശരൂപത്തിലോ കുത്തിനിറച്ചതു പോലെയോ അല്ല, വളരെ സ്വാഭാവികമായ ഒഴുക്കിലാണ് സിനിമയിലെത്തുന്നത്.

സിനിമയുടെ ഏറ്റവും മികച്ചതായി തോന്നിയത് കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സുകളുമായിരുന്നു. ആശ രേവതിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. ക്ലിനിക്കല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്ന, ജീവിതത്തിലുട നീളം കടുത്ത ഒറ്റപ്പെടലും വേദനയും അനുഭവിച്ച, അതിനോടൊക്കെ പോരാടി നില്‍ക്കാന്‍ ശ്രമിക്കുന്ന ആ കഥാപാത്രത്തെ ഏറ്റവും ഭംഗിയായി രേവതി അവതരിപ്പിക്കുന്നുണ്ട്. അവരുടെ കരച്ചിലുകളും ദേഷ്യവും നിസഹായവസ്ഥയുമൊക്കെ രേവതി വ്യക്തമായി പ്രേക്ഷകരിലെത്തിക്കുന്നുണ്ട്.

സ്ത്രീകളെ എപ്പോഴും കരയുന്നവരായി ചിത്രീകരിക്കുന്ന സിനിമകള്‍ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഇതില്‍ അതേ കണ്ണീരിനെ വളരെ ആഴത്തില്‍, ഒരുപാട് അര്‍ത്ഥതലങ്ങളും കാരണങ്ങളും നല്‍കി ചിത്രീകരിച്ചിരിക്കുന്നതായി കണ്ടത് ഈ ചിത്രത്തിലാണ്.

വിനുവായി ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഷെയ്‌നിന്റെ മുന്‍ കഥാപാത്രങ്ങളോട് എവിടെയൊക്കയോ സാമ്യം തോന്നുമെങ്കിലും വിനുവിനോട് ഒരു പ്രത്യേക അടുപ്പവും കണക്ഷനുമൊക്കെ തോന്നും. അമ്മ, ഒരു കൂട്ടുകാരന്‍, കാമുകി എന്നിവരാണ് വിനുവിന്റെ ജീവിതത്തിലുണ്ട്. എന്നിട്ടും അയാള്‍ കടന്നുപോകുന്നത് കടുത്ത ഏകാന്തതയിലൂടെയാണ്.

തൊഴിലില്ലായ്മയുടെ പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും വിനുവിലൂടെ വരച്ചുകാണിക്കപ്പെടുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും വേദനിക്കുന്ന, വേദനിപ്പിച്ച കഥാപാത്രങ്ങളിലൊരാളായിരിക്കും വിനുവെന്ന് ഉറപ്പിക്കാം.

ഈ രണ്ട് കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമെന്ന് ഉറപ്പാണ്. ഇവരെ പോലെ തന്നെ, വളരെ ശ്രദ്ധിച്ചെഴുതിയ, നല്ല രീതിയില്‍ പെര്‍ഫോം ചെയ്തവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും. സൈജു കുറുപ്പും, ജെയിംസ് ഏലിയയും, ആതിര പട്ടേലുമെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ സ്വാഭാവികതയോടെ അവതരിപ്പിച്ചിട്ടുണ്ട്. ജെയിംസ് ഏലിയയുടെ ഇളയച്ചനായുള്ള പെര്‍ഫോമന്‍സ് ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നതായിരുന്നു.

ഭൂതകാലം എല്ലാവരെയും പേടിപ്പിക്കണമെന്നില്ല. പക്ഷെ പേടിപ്പിച്ചാലും ഇല്ലെങ്കിലും ഈ സിനിമ ഉറപ്പ് നല്‍കുന്ന ഒരു മികച്ച സിനിമാനുഭവമുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ കണ്ടിരിക്കേണ്ടതുണ്ട്.


Content Highlight: Bhoothakalam Review| Shane Nigam, Revathy, Rahul Sadhasivan

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.