റായ്പൂര്‍: ഛത്തീസ്ഗഢിലെ ബീരേന്‍പൂരില്‍ ഉണ്ടായ കൊലപാതകങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പേര് നല്‍കി കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗല്‍.
പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം വര്‍ഗീയ കാര്‍ഡിറക്കി ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും തമ്മിലടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ബീരേന്‍പൂരിലും കോര്‍വയിലുമുണ്ടായ അക്രമങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഭൂപേഷ് ഭാഗല്‍.
ചെറുപ്പക്കാര്‍ക്കിടയില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ മരണത്തെ ലവ് ജിഹാദുമായി കൂട്ടിക്കെട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നേതാക്കളുടെ മക്കള്‍ മുസ്‌ലിം ചെറുപ്പക്കാരെ വിവാഹം ചെയ്താല്‍ അതിനെ അംഗീകരിക്കുന്ന ബി.ജെ.പി സാധാരണക്കാര്‍ ചെയ്താല്‍ അതിന് ജിഹാദിന്റെ പേര് നല്‍കി കലാപമുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബീരേന്‍പൂര്‍ കൊലപാതകങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിച്ചത്. പ്രശ്‌നത്തെക്കുറിച്ച് പഠിക്കാനോ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാനോ അവര്‍ ശ്രമിച്ചില്ല. കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസം അവര്‍ ബന്ദിന് ആഹ്വാനം ചെയ്തു. രണ്ട് കുട്ടികള്‍ക്കിടയില്‍ നടന്ന വാക്ക് തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. അതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ദുഖമുണ്ട്. പക്ഷെ അതിനിടയിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിച്ചത്.
പ്രശ്‌നത്തിന് ലവ് ജിഹാദിന്റെ മാനം നല്‍കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ മക്കളൊക്കെ മുസ്‌ലിം ചെറുപ്പക്കാരെ വിവാഹം കഴിച്ചാല്‍ അത് ലവ്, മറ്റുള്ളവര്‍ ചെയ്താല്‍ അത് ജിഹാദ്. സ്വന്തം മരുമക്കളെയൊക്കെ നിങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെയാക്കി മാറ്റും.
സാധാരണക്കാര്‍ ചെയ്താല്‍ അവര്‍ക്ക് മാത്രം മറ്റൊരു നീതി. ഛത്തീസ്ഗഢിലെ ഏറ്റവും വലിയ ബി.ജെ.പി നേതാവിന്റെ മകള്‍ ആരെയാണ് കല്യാണം കഴിച്ചതെന്ന് നിങ്ങള്‍ക്കറിയില്ലേ,’ ഭൂപേഷ് ഭാഗല്‍ പറഞ്ഞു.
ഏപ്രില്‍ എട്ടിന് 22 വയസുകാരന്‍ ഭുവനേശ്വര്‍ സാഹു എന്ന വിദ്യാര്‍ത്ഥിയെ ഛത്തീസ്ഗഢിലെ ഭിമിത്രക്കടുത്തുള്ള ബീരേന്‍പൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം നടത്തിയ പൊലീസ് രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവിലാണ് ഭുവനേശ്വര്‍ സാഹു കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ കൊലപാതകത്തിന് പിന്നാലെ ബി.ജെ.പി പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ ബീരേന്‍പൂര്‍ നിവാസികളായ രണ്ട് മുസ്‌ലിങ്ങളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. 55കാരന്‍ റഹീം മുഹമ്മദും അദ്ദേഹത്തിന്റെ മകന്‍ ഈദുല്‍ മുഹമ്മദുമാണ്(34) കൊല്ലപ്പെട്ടത്.
തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ജനുവരിയില്‍ സാഹുവിന്റെ കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ മുസ്‌ലിം ചെറുപ്പക്കാരെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു.
Content Highlight: Bhoopesh bhagal on communal riot in chattisgarh