| Tuesday, 13th February 2024, 10:30 am

ഭൂല്‍ ഭുലയ്യ 3; മഞ്ജുലികയായി വിദ്യ ബാലന്‍ തിരിച്ചെത്തുന്നു; വീഡിയോ പങ്കുവെച്ച് കാര്‍ത്തിക് ആര്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ടി സീരീസ് നിര്‍മിച്ച ചിത്രമാണ് ഭൂല്‍ ഭുലയ്യ. 2007ലായിരുന്നു ഈ ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2022ലായിരുന്നു ഭൂല്‍ ഭുലയ്യ 2 തിയേറ്ററിലെത്തിയത്.

ആദ്യ ഭാഗത്തില്‍ മഞ്ജുലികയായി വിദ്യ ബാലനും നായകനായി അക്ഷയ് കുമാറുമായിരുന്നു എത്തിയിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ തബു, കിയാര അദ്വാനി, കാര്‍ത്തിക് ആര്യന്‍ എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

ഇപ്പോള്‍ ഭൂല്‍ ഭൂലയ്യക്ക് മൂന്നാംഭാഗം വരുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കാര്‍ത്തിക് ആര്യനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വിദ്യ ബാലന്‍ മഞ്ജുലികയായി വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

‘അത് സംഭവിക്കുന്നു. മഞ്ജുലിക ഭൂല്‍ ഭൂലയ്യയുടെ ലോകത്തേക്ക് വീണ്ടും വരുന്നു’ എന്ന അടികുറിപ്പോടെ കാര്‍ത്തിക് ആര്യന്‍ ഒരു വീഡിയോ പങ്കുവെക്കുകയായിരുന്നു. ഒപ്പം വിദ്യ ബാലനെ സ്വാഗതം ചെയ്യുന്നതില്‍ താന്‍ അതീവ ത്രില്ലിലാണെന്നും താരം പറയുന്നു.


കാര്‍ത്തിക് ആര്യന്‍ തന്റെ പോസ്റ്റിനൊപ്പം ഭൂല്‍ ഭൂലയ്യയിലെ മേരേ ധോല്‍നാ എന്ന ഗാനത്തിന്റെ എഡിറ്റഡ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഭൂല്‍ ഭൂലയ്യയുടെ ഇരുഭാഗങ്ങളിലെയും ഗാനരംഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ വീഡിയോ.

ചിത്രം ഈ വര്‍ഷം ദീപാവലിക്കാകും റിലീസിനെത്തുന്നത്. രണ്ടാംഭാഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാഗവും സംവിധാനം ചെയ്യുന്നത്.

32 കോടി ബജറ്റില്‍ നിര്‍മിച്ച ഭൂല്‍ ഭുലയ്യയുടെ ഒന്നാം ഭാഗത്തിന് 82.837 കോടി കലക്ഷന്‍ നേടാന്‍ സാധിച്ചിരുന്നു. 2007ല്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ എട്ടാമത്തെ ഹിന്ദി ചിത്രമായി മാറാന്‍ ഈ സിനിമക്ക് കഴിഞ്ഞിരുന്നു. 80 കോടി ബജറ്റില്‍ ഒരുങ്ങിയ രണ്ടാം ഭാഗം 200 കോടി കളക്ഷന്‍ നേടി.

Content Highlight: Bhool Bhulaiyaa 3; Vidhya Balan returns as Manjulika; Kartik Aaryan shared the video

Latest Stories

We use cookies to give you the best possible experience. Learn more