| Saturday, 6th July 2024, 7:58 am

ഹത്രാസ് ദുരന്തം; മുഖ്യപ്രതി ആള്‍ദൈവം ഭോലേ ബാബയുടെ സഹായി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഹത്രാസിലുണ്ടായ ദുരന്തത്തില്‍ മതചടങ്ങ് നടത്തിയ ആള്‍ദൈവം ഭോലേ ബാബയുടെ സഹായി അറസ്റ്റില്‍. ദേവപ്രകാശ് മധുകറാണ് അറസ്റ്റിലായത്. രണ്ട് വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മത ചടങ്ങിന്റെ സംഘാടക സമിതിയിലെ ആറ് പേരെ ഹത്രാസ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ പിടിലായത്.

ദല്‍ഹിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വാദമുയര്‍ത്തി ദേവപ്രകാശ് മധുകര്‍ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

സത്സഗ്‌ എന്ന മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം ആളുകളാണ് ഹത്രാസില്‍ മരണപ്പെട്ടത്. ഇതില്‍ സ്ത്രീകളും കുട്ടികളുമായിരുന്നു കൂടുതല്‍. അനുവദിച്ചതിനേക്കാള്‍ അധികം ആളുകള്‍ സ്ഥലത്തെത്തിയതും യു.പിയിലെ കനത്ത ചൂടും അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ലക്ഷക്കണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.

എന്നാല്‍ സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഭോലേ ബാബയുടെ പേര് പ്രതിപ്പട്ടികയില്‍ ഇല്ല എന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം അപകടത്തിലെ പ്രത്യേക അന്വേഷണ സംഘം ഇയാളിലേക്കെത്തിയതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പൊലീസ് മെയിന്‍പുരിയിലെ രാംകുതിര്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ ആള്‍ദൈവമായ ‘ഭോലെ ബാബ’യ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനൊടുവില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹത്രാസ് സന്ദര്‍ശിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ കണ്ട രാഹുല്‍ ഗാന്ധി അവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

Content Highlight: Bhole Baba’s aide arrested

We use cookies to give you the best possible experience. Learn more