Indian Cinema
ആക്ഷന്‍ ട്രാക്കില്‍ അപ്പന്‍ പാസം പിടിച്ച് ഭോല; നരേന് പകരം തബു; ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 24, 06:59 am
Tuesday, 24th January 2023, 12:29 pm

അജയ് ദേവ്ഗണ്‍ നായകനാവുന്ന ഭോലയുടെ ടീസര്‍ പുറത്ത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണ് ഭോല. അച്ഛന് മകളോടുള്ള സ്‌നേഹത്തിനൊപ്പം ആക്ഷന്‍ ട്രാക്കും കൂട്ടിച്ചേരുന്നതാണ് സിനിമ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

തമിഴിലെ ആക്ഷന്‍ സ്വീക്വന്‍സുകള്‍ ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ ഒരു പടി കൂടി കടന്ന് അതിമാനുഷിക ലെവലിലേക്ക് എത്തിയിട്ടുണ്ട്. തമിഴില്‍ നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തോട് സമാനമായി ടീസറില്‍ തബുവിനേയും കാണാം.

അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ഗജ്രാജ് റാവു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

യു മേം ഓര്‍ ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് അജയ് ദേവ്ഗണ്‍ മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഭോല നിര്‍മിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

ദൃശ്യം രണ്ടാം ഭാഗമാണ് ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ അജയ് ദേവ്ഗണ്‍ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഇതും. ഹിന്ദിയില്‍ വമ്പന്‍ വിജയമാണ് അജയ് ദേവ്ഗണിന്റെ ചിത്രം സ്വന്തമാക്കിയത്.

Content Highlight: bholaa teaser starring ajay devgan