ഭോപ്പാൽ: മധ്യപ്രദേശിലെ ദറിലെ ഭോജ്‌ശാല കമൽ മൗലാ മസ്ജിദ് സമുച്ചയത്തിൽ കോടതിയുടെ നിർദേശപ്രകാരം നടത്തിയ സർവേയിൽ ഹൈന്ദവ വിഗ്രഹങ്ങൾ കണ്ടെടുത്തെന്ന അവകാശ വാദവുമായി ഹിന്ദു നേതാവ് രംഗത്ത്. എന്നാൽ അവ സമീപ പ്രദേശത്തുള്ള കുടിലിൽ നിന്ന് കൊണ്ടുവെച്ചതാണെന്നും ഭോജ്‌ശാലയിൽ നിന്ന് കിട്ടിയതല്ലെന്നും മുസ്‌ലിം വിഭാഗം പ്രതികരിച്ചു.
സരസ്വതി ദേവിയുടെ ക്ഷേത്രമെന്ന് ഹിന്ദുക്കൾ അവകാശപ്പെടുന്ന ഭോജ്‌ശാല കമൽ മൗലാ മസ്ജിദ് സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റിനോട് മധ്യപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
Read more: ഇ-ഗ്രാന്റ് നിലച്ചു, പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നു; പ്രതിഷേധം വ്യാപകം
സർവേയുടെ തൊണ്ണൂറ്റി മൂന്നാം ദിവസമാണ് വിഗ്രഹങ്ങൾ കിട്ടി എന്ന വാദവുമായി ഹിന്ദു നേതാവ് രംഗത്തെത്തിയത്. ‘മൂന്ന് ദിവസം മുൻപ് ഭോജ്‌ശാലയിൽ നിന്ന് ശ്രീകൃഷ്ണന്റെ വിഗ്രഹം കണ്ടെത്തിയിരുന്നു. അതേ സ്ഥലത്ത് തന്നെ കല്ലുകൊണ്ട് നിർമിച്ച വാസുകി നാഗത്തിന്റെ വിഗ്രഹം ഇപ്പോൾ കണ്ടെത്തി. അതോടൊപ്പം മഹാദേവന്റെ വിഗ്രഹം ഉൾപ്പടെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട ഒമ്പത് അവശിഷ്ടങ്ങൾ അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്,’ ഭോജ്‌ശാല മുക്തിയാഗ കൺവീനർ ഗോപാൽ ശർമ്മ പറഞ്ഞു.
എന്നാൽ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ച കുടിൽ നിർമിച്ച സമയത്ത് കണ്ടെത്തിയതാണ് ഈ ശിലാ ഉരുപ്പടികൾ എന്ന് കമാൽ മൗലാ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അബ്‌ദുൾ സമദ് പറഞ്ഞു. ഭോജ്‌ശാലയിൽ നിന്ന് ലഭിച്ച വസ്തുക്കളിൽ സംശയമുണ്ടെന്നും അവ സർവേയുടെ ഭാഗമാക്കരുതെന്നും സമദ് പറഞ്ഞു.
ഞങ്ങൾക്ക് സംശയമുണ്ട്. കുടിൽ നിർമിക്കുന്ന സമയത്ത് വലിച്ചെറിയപ്പെട്ട വസ്തുക്കൾ ഇപ്പോൾ എവിടെ നിന്നാണവർ കൊണ്ടുവന്നത്? ഇവ സർവേയിൽ ചേർക്കാൻ പാടില്ല. ഞങ്ങൾ സർവേയെ എതിർക്കുന്നു. ഇത് രാഷ്ട്രീയക്കാരും ഹിന്ദുത്വവാദികളും തമ്മിലുള്ള കള്ളക്കളിയാണ്,’ സമദ് പറഞ്ഞു.
2003ൽ വന്ന ഒരു ഉത്തരവിന് പിന്നാലെ എല്ലാ ചൊവ്വാഴ്ചകളിലും ഹിന്ദു മത വിശ്വാസികൾ ഭോജ്‌ശാലയിൽ പൂജ നടത്തുന്നുണ്ട്. അത് പോലെ വെള്ളിയാഴ്ചകളിൽ മുസ്‌ലിങ്ങൾ നിസ്കാരവും നടത്താറുണ്ട്.
Content Highlight: Bhojshala, ‘Sanatan dharma’ idols found per Hindus; Muslim side disputes