| Thursday, 3rd March 2022, 9:11 am

ശോ എന്നാ ഒരു എടുപ്പാ മൈക്കള്‍ അച്ചായന്; ഇത് മമ്മൂട്ടിയാണ് അവിടെ ഇങ്ങനെയൊക്കെയാണ്; ശ്രദ്ധേയമായി സാനി യാസിന്റെ കുറിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപനം മുതല്‍ മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിച്ചെത്തുന്ന ചിത്രം വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരുപാട് പ്രതീക്ഷകളോടെയാണ് സിനിമ റിലീസിനായി എത്തുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ഇപ്പോഴിതാ ചത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പ് ഭീഷ്മ പര്‍വത്തിന്റെ പബ്ലിസിറ്റി ഡിസൈനെര്‍ സാനി യാസ് മമ്മൂട്ടിയെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

എല്ലാം കേള്‍ക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്ന പുതിയതില്‍ നിന്നും പുതിയത്തിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടിയെന്നാണ് യാസ് പറയുന്നത്. ഏതുതലമുറയിലെ ഏതൊരാളേക്കാളും കൂടുതല്‍ ആ കാലത്തെ എല്ലാത്തിനെയും പറ്റിയും സംസാരിക്കാന്‍ മമ്മൂട്ടിക്കാകുമെന്നും യാസ് പറഞ്ഞുവെക്കുന്നു.

‘ഇത് നോക്കെടാ എങ്ങനുണ്ടെന്നു. ഭീഷ്മയിലെ ഒരു ചെറിയ സീക്വന്‍സ് കാണിച്ചു മമ്മൂക്കയുടെ ചോദ്യം….
ഓ ഈ പോര്‍ഷന്‍ ആണല്ലേ നമ്മള്‍ അന്ന് പോസ്റ്റര്‍ അടിച്ചത്… എന്റെ മറുപടി കേട്ട മമ്മൂക്ക ഫോണ്‍ അവിടെ തന്നെ വെച്ച് ഇവന്റെയൊരു പോസ്റ്റര്‍ എന്ന ഭാവത്തില്‍ മുഖത്തേക്കൊരു നോട്ടം… കയ്യില്‍ നിന്ന് പാളി എന്ന് മനസ്സിലായ ഞാന്‍ ചുമ്മാ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് നിന്ന്…
എടാ ഒരു സീന്‍ കാണുമ്പോ എന്റെ പെര്‍ഫോമന്‍സ് എങ്ങനുണ്ട്, നന്നായോ മോശമായോ, ആ സീനിലെ ലൈറ്റിംഗ്, ഉപയോഗിച്ച ക്യാമറ ഏതാ? അങ്ങനെ വല്ലതും നിന്റെ വായില്‍ നിന്ന് വരുമെന്നാണ് ഞാന്‍ വിചാരിച്ചതു പക്ഷെ ഇത്… അത് പിന്നെ ഇക്കാ ഞാന്‍ ഒരു പോസ്റ്റര്‍ ഡിസൈനര്‍ കൂടെ ആണല്ലോ സ്വാഭാവികമായും വന്നു പോയൊരു കൈപ്പിഴ ഇനി ആവര്‍ത്തിക്കില്ല.

ഒട്ടനേകം ലക്ഷം ക്യാമറ ഷട്ടറുകളില്‍ പതിഞ്ഞ വൈവിധ്യത്തിന്റെ പ്രതിരൂപം… ഇപ്പഴും അദ്ദേഹം ഒരു തുടക്കകാരനെക്കാളും ആവേശത്തില്‍ തന്നിലേക്ക് തന്നെ അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.. തന്റെ പ്രകടനങ്ങളെയും ചലനങ്ങളെയും മറ്റുള്ളവരെങ്ങനെയാണ് ആസ്വദിക്കുന്നതെന്നറിയാന്‍ പണ്ട് സേതുമാധവന്‍ സാറിന്റെ സെറ്റിലെ റിഫ്‌ളെക്ടറിലേക്കു നോക്കിയ അതേ കൗതുകത്തോടെ തന്നെ ഇന്നും കണ്ണുകളെ പറഞ്ഞയക്കുന്നു.

എല്ലാം കേള്‍ക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്നു പുതിയതില്‍ നിന്നും പുതിയത്തിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നു… അതുകൊണ്ടു തന്നെ ഏതു തലമുറയിലെ ഏതൊരാളേക്കാളും കൂടുതല്‍ ആ കാലത്തെ എല്ലാത്തിനെയും പറ്റിയും സംസാരിക്കാന്‍ അയാള്‍ക്കാകുന്നു.. കാരണം അത് മമ്മൂട്ടിയാണ് അവിടെ ഇങ്ങനെയൊക്കെയാണ്… Yes he is my icon, he is my idol and he is my patriarch ??
Note : ഞാന്‍ കണ്ട ആ സീന്‍ തിയേറ്ററില്‍ ഏറ്റവും ഓളമുണ്ടാകുന്ന ഒരു സീന്‍ അത് തന്നെയായിരിക്കും എന്ന് തന്നെയാണെന്റെ നിഗമനം… ശോ എന്നാ ഒരു എടുപ്പാ മൈക്കള്‍ അച്ചായന്‍,’ സാനി യാസ് ഫേസ്ബുക്കില്‍ എഴുതി.

അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

CONTENT HIGHLIGHTS:  Bhishma Parvam Publicity Designer Sani Yas’s Post About Facebook Mammootty

We use cookies to give you the best possible experience. Learn more