കൊച്ചി: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഭീഷ്മ പര്‍വ്വം. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ഭീഷ്മ പര്‍വം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നുമാണ് സൗബിന്‍ പറയുന്നത്.
തന്റെ പുതിയ ചിത്രമായ മ്യാവൂവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങള്‍ക്ക് ശേഷം കൈയടിക്കാന്‍ പോകുന്ന ഡയലോഗ്‌സ് ഉള്ള അമല്‍ നീരദിന്റെ സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
‘ഉറപ്പായും ഭീഷ്മ പര്‍വ്വം തിയേറ്ററുകളെ ഇളക്കി മറിക്കും. അമല്‍ നീരദിന്റെ മേക്കിങ് 100 ശതമാനവും കാണാന്‍ സാധിക്കും. അത് വേറെ ഒരാളില്‍ നിന്നും കിട്ടുകയുമില്ല. ഇത് അമല്‍ നീരദ്- മമ്മൂട്ടി ചിത്രമായിരിക്കും. അടിപൊളിയായിരിക്കും. കാലങ്ങള്‍ക്ക് ശേഷം കൈയടിക്കാന്‍ പോകുന്ന ഡയലോഗ്‌സ് ഉള്ള അമല്‍ നീരദിന്റെ സിനിമയായിരിക്കും. ഞെട്ടും’, എന്നാണ് സൗബിന്‍ പറഞ്ഞു.
അജാസ് എന്ന കഥാപാത്രത്തിനെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സൗബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.
ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തില്‍ ഭീഷ്മവര്‍ധന്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍ , ആര്‍.ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.