| Monday, 14th March 2022, 2:50 pm

പതിനൊന്നാം ദിനത്തില്‍ 70 കോടി ക്ലബ്ബില്‍ ഇടം നേടി ഭീഷ്മ പര്‍വ്വം; കേരളത്തില്‍ നിന്ന് മാത്രമുള്ള നേട്ടം ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- അമല്‍ നീരദ് ടീമിന്റെ ഭീഷ്മ പര്‍വ്വം കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം നേടിയത്
40 കോടി. റിലീസ് ചെയ്ത് 11ാം ദിവസമാണ് ഭീഷ്മ പര്‍വ്വം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്.

ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 75 കോടി പിന്നിട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ സിനിമയുടെ റിലീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമയ്ക്കു ഇതുവരെ ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മ പര്‍വ്വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു.

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബെംഗളൂരു വിട്ടാല്‍ മലയാള സിനിമയ്ക്ക് വലിയ പ്രേക്ഷക വൃന്ദമില്ലാത്ത കര്‍ണാടകയില്‍ പോലും മികച്ച കളക്ഷനാണ് ചിത്രത്തിന്.

ബെംഗളൂരുവിലെ മികച്ച സ്‌ക്രീന്‍ കൗണ്ട് കൂടാതെ മംഗളൂരുവിലും മൈസൂരിലും കുന്താപുരയിലുമൊക്കെ ചിത്രത്തിന് റിലീസിംഗ് സെന്ററുകള്‍ ഉണ്ടായിരുന്നു. ആകെ 46 റിലീസിംഗ് സെന്ററുകളായിരുന്നു ചിത്രത്തിന് അവിടെ.

ലഭ്യമായ കണക്കുകള്‍ പ്രകാരം ആദ്യ ഒരാഴ്ച കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയത് 3.18 കോടി രൂപയാണെന്ന് ബോക്‌സ് ഓഫീസ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരുന്നു. ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.70 കോടിയാണെന്നും അവര്‍ അറിയിച്ചു.

റിലീസ് ചെയ്ത് ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മ പര്‍വ്വത്തിന് ഉണ്ടായിരുന്നത്.

ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു.

CONTENT HIGHLIGHTS: Bhishma Parvam gets a place in 70 crore club on the 11th day
We use cookies to give you the best possible experience. Learn more