| Saturday, 26th February 2022, 12:07 pm

'ജാവോന്ന് പറയണം, ജാവോ'; അഡാറ് ലവിന്റെ നാല് വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ഭീഷ്മ പര്‍വം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വര്‍ഷമായി ഒമര്‍ ലുലു ചിത്രം ‘ഒരു അഡാറ് ലവ്’ കയ്യടക്കി വെച്ച റെക്കോര്‍ഡ് സ്വന്തമാക്കി ‘ഭീഷ്മ പര്‍വം’ ടീസര്‍. ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ മലയാള സിനിമാ ടീസര്‍ എന്ന റെക്കോര്‍ഡായിരുന്നു കഴിഞ്ഞ നാലു വര്‍ഷമായി ഒരു അഡാര്‍ ലവ് സ്വന്തമാക്കി വെച്ചിരുന്നത്.

ഭീഷ്മ പര്‍വം പുതിയ റെക്കോര്‍ഡിട്ട വിവരം സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

‘റെക്കോഡുകള്‍ തകര്‍ക്കാന്‍ ഉള്ളതാണ്. ഏറ്റവും കുടുതല്‍ ലൈക്ക് ഉള്ള മലയാള സിനിമാ ടീസര്‍ എന്ന റെക്കോഡ് ഒരു അഡാറ് ലവിന്റെ കയ്യില്‍ നിന്നും നാല് വര്‍ഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം. ജാവോ,’ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

2018 ഫെബ്രുവരി മൂന്നിനാണ് ഒരു അഡാര്‍ ലവിന്റെ ടീസര്‍ പുറത്തുവന്നത്. അതിന് മുമ്പേ വന്ന ‘മാണിക്യമലരായ പൂവീ’ എന്ന പാട്ടിലെ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ലോകമാകെ വൈറലായിരുന്നു. ഇതോടെ കേരളത്തിന് പുറത്തേക്കും ചിത്രം ശ്രദ്ധ നേടി. തുടര്‍ന്നിറങ്ങിയ ടീസറിന് കേരളത്തിന് പുറത്തേക്കും കാഴ്ചക്കാരുണ്ടായിരുന്നു.

അതേസമയം ഫെബ്രുവരി 11നായിരുന്നു ഭീഷ്മ പര്‍വത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. വന്‍ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ ആവേശത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായി ത്രില്ലിംഗ് എക്‌സ്പീരിയന്‍സായിരുന്നു ഭീഷ്മ പര്‍വം ടീസര്‍ നല്‍കിയത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെബ്രുവരി 24 ന് രാത്രി ഒരു മണിയോടെ ഭീഷ്മ പര്‍വത്തിന്റെ ട്രെയ്ലറും പുറത്ത് വിട്ടിരുന്നു.

മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


Content Highlight: Bhishma Parvam breaks Ador Love’s four-year record

We use cookies to give you the best possible experience. Learn more