പൂനെ: ഭീമ കൊറേഗാവ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയ പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് ഭാരിപ് ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍. ഭീമ കൊറേഗാവ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയ പൂജ സാകതിനെ ഞായറാഴ്ച ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
“എനിക്കു ലഭിച്ച ആദ്യഘട്ട റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന സൂചനകളാണ് ലഭിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പേരുപറഞ്ഞവരെയെല്ലാം അറസ്റ്റു ചെയ്യണം.” അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: സംഘപരിവാറും ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയ ഹര്‍ത്താലും
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് മടികാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ചയാണ് പൂജയെ വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടി സമ്മര്‍ദ്ദവും ഭീഷണിയും നേരിട്ടതായി കുടുംബം ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
ഭീമ കൊറേഗാവ് അതിക്രമവുമായി ബന്ധപ്പെട്ട് ജനുവരി ഒന്നിന് പൂജയുടെ വീടിന് അക്രമികള്‍ തീയിട്ടിരുന്നു. ഇതിനു സാക്ഷിയായ പൂജ അക്രമികള്‍ക്കെതിരെ മൊഴി നല്‍കുകയായിരുന്നു. മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്രമികള്‍ പൂജയെ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രഥമദൃഷ്ട്യാ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പൊലീസ് എന്ന് ഷിക്രാപൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രമേഷ് ഗാലന്ദ് പറയുന്നു. എന്നാല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനും തുടരന്വേഷണത്തിനും ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാവൂവെന്നും പൊലീസ് പറയുന്നു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ദളിതര്‍ നടത്തിയ റാലിയ്ക്കുനേരെ ചിലര്‍ അക്രമമഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന ആരോപണമുണ്ട്.