മുംബൈ: മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് സംഘര്‍ഷത്തിലെ പ്രധാന പ്രതിയായ സംബാജി ബിദെ പ്രധാനമന്ത്രി ഗുരുസ്ഥാനത്ത് കണ്ട് പൂജിക്കുന്ന ആളാണെന്ന് ഭരിഭ ബഹുജന്‍ മഹാസംഘ് നേതാവും ബി.ആര്‍ അംബേദ്ക്കറുടെ പൗത്രനുമായ പ്രകാശ് അംബേദ്ക്കര്‍.
അതുകൊണ്ട് തന്നെ മഹാരാഷ്ട്രയില്‍ പൊട്ടിപ്പുറപ്പെട്ട ജാതി സംഘര്‍ഷത്തില്‍ മോദി നിലപാട് വ്യക്തമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ഇതേ ആവശ്യവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ താന്‍ അഭിനന്ദിക്കുന്നതായും ഇദ്ദേഹം പറഞ്ഞു. താന്‍ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിക്കുന്ന വ്യക്തിയാണ് ഇപ്പോള്‍ രാജ്യത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന സത്യം സമ്മതിച്ചുതരാന്‍ മോദി തയ്യാറാവണമെന്നും പ്രകാശ് അംബേദ്ക്കര്‍ ആവശ്യപ്പെട്ടു.
2019 ലെ തെരഞ്ഞെടുപ്പോടെ പ്രധാനമന്ത്രിക്ക് അര്‍ഹിക്കുന്നത് ലഭിക്കും. എന്നാല്‍ ഇങ്ങനെയെുള്ള ഒരാളെ മോദി ഇനിയും ഗുരുസ്ഥാനത്ത് കണ്ട് വിശ്വാസത്തിലെടുക്കുമോ എന്നാണ് തനിക്ക് അറിയാനുള്ളതെന്നും ഇദ്ദേഹം പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ മോദി പ്രസ്താവന നടത്തണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.
വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബരിപ ബഹുജന്‍ മഹാസംഘ് പാര്‍ട്ടിയും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പൂനെയ്ക്കടുത്ത് ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 20 ാം വാര്‍ഷികാഘോഷത്തിനിടെയായിരുന്നു ദളിത് മാറാഠി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍മുണ്ടായത്. സംഘര്‍ഷത്തിനിടെ 26 കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ദളിതര്‍ക്ക് നേരെയുണ്ടായ സംഘപരിവാര്‍ അതിക്രമത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് ഔറംഗാബാദ് ഉള്‍പ്പെടെ എട്ടു നഗരങ്ങളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കുകയും ചെയ്തിരുന്നു.
കലാപം നിയന്ത്രിക്കാന്‍ പ്രത്യേക പരിശീലനം നേടിയ സേനയെ മേഖലയിലുടനീളം വിന്യസിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലും മറ്റും അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു. അക്രമങ്ങളെ കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.