ഭീമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി നല്‍കാന്‍ ധൈര്യപ്പെട്ട ദളിത് പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
National Politics
ഭീമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി നല്‍കാന്‍ ധൈര്യപ്പെട്ട ദളിത് പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th April 2018, 8:02 am

 

പൂനെ: ഭീമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ധൈര്യം കാണിച്ച ദളിത് പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. പെണ്‍കുട്ടിയെ ഒരു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടി സമ്മര്‍ദ്ദവും ഭീഷണിയും നേരിട്ടതായി കുടുംബം ആരോപിക്കുന്നു.

19 കാരിയായ പൂജാ സാകതിനെയാണ് വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.


Also Read:നഴ്‌സ്മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം ശമ്പള വര്‍ധനവിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ; വര്‍ധനവ് ഇങ്ങനെ


ഭീമ കൊറേഗാവ് അതിക്രമവുമായി ബന്ധപ്പെട്ട് ജനുവരി ഒന്നിന് പൂജയുടെ വീടിന് അക്രമികള്‍ തീയിട്ടിരുന്നു. ഇതിനു സാക്ഷിയായ പൂജ അക്രമികള്‍ക്കെതിരെ മൊഴി നല്‍കുകയായിരുന്നു. മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്രമികള്‍ പൂജയെ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രഥമദൃഷ്ട്യാ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പൊലീസ് എന്ന് ഷിക്രാപൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രമേഷ് ഗാലന്ദ് പറയുന്നു. എന്നാല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനും തുടരന്വേഷണത്തിനും ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാവൂവെന്നും പൊലീസ് പറയുന്നു.


Must Read: വധശിക്ഷ ബലാത്സംഗത്തെ തടയുമോ? കേന്ദ്ര സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി


ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ദളിതര്‍ നടത്തിയ റാലിയ്ക്കുനേരെ ചിലര്‍ അക്രമമഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന ആരോപണമുണ്ട്.