ന്യൂദല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ സമീപിച്ചു.
2018 മുതല്‍ ജയിലില്‍ കഴിയുന്ന സുധ ഭരദ്വാജിന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം നല്‍കിയത്. സുധയുടെ കേസില്‍ അന്വേഷണത്തിനും ശിക്ഷയുടെ കാലാവധി നീട്ടുന്നതിനും അധികാരമുള്ള കോടതി അത് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എസ്.എസ്. ഷിന്‍ഡെ, എന്‍.ജെ. ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 8ന് എന്‍.ഐ.എ കോടതിക്ക് മുമ്പാകെ ജാമ്യവ്യവസ്ഥ ഹാജരാക്കണമെന്നും അത് പ്രകാരം റിലീസ് തിയ്യതി പ്രത്യേക കോടതി തീരുമാനിക്കുമെന്നും ബെഞ്ച് അറിയിച്ചു.
കേസില്‍ അറസ്റ്റിലായ 16 ആക്ടിവിസ്റ്റുകളിലും അക്കാദമിക് വിദഗ്ധരിലും ജാമ്യം ലഭിച്ച ആദ്യ വ്യക്തിയാണ് സുധ ഭരദ്വാജ്. കവിയും ആക്ടിവിസ്റ്റുമായ വരവര റാവു ഇപ്പോള്‍ മെഡിക്കല്‍ ജാമ്യത്തിലാണ്.
ഈ വര്‍ഷം ജൂലൈ 5 ന് മെഡിക്കല്‍ ജാമ്യത്തിനായി കാത്തിരിക്കുന്നതിനിടെ ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമി ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. കേസിലെ മറ്റ് പ്രതികള്‍ വിചാരണ തടവുകാരായി കസ്റ്റഡിയിലാണ്.
2017 ഡിസംബര്‍ 31ന് പൂനെയില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് കോണ്‍ക്ലേവില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടാണ് സുധ ഭരദ്വാജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിന് അടുത്ത ദിവസം ഭീമാ കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിന് ഇവര്‍ കാരണമായതായും പൊലീസ് ആരോപിച്ചിരുന്നു.
കേസില്‍ സുധ ഭരദ്വാജിനെ 2018 ആഗസ്റ്റ് 28 നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും 2018 ഒക്ടോബര്‍ 27 ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നതെന്ന് പൂനെ പൊലീസ് അവകാശപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണം പിന്നീട് എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.
25 വര്‍ഷത്തിലേറെയായി ഛത്തീസ്ഗഡിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവുമായി ബന്ധമുള്ള സുധ ഭരദ്വാജ് പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ ഛത്തീസ്ഗഢ് യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയും, ലൈംഗിക അതിക്രമത്തിനും ഭരണകൂട അടിച്ചമര്‍ത്തലിനും എതിരായ സ്ത്രീകളുടെ കൂട്ടായ്മയിലെ അംഗവുമാണ്.
കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ദല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി പ്രൊഫസറുമായ സുധ തന്റെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരത്വം ഉപേക്ഷിച്ച് ഛത്തീസ്ഗഡിലെ ആദിവാസികള്‍ക്കായി നിയമ പരിശീലനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Bhima Koregaon: NIA in the Supreme Court against the bail of Sudha Bhardwaj