ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായി തടവില്‍ കഴിയുന്ന ഹാനി ബാബുവിന്റെ കുടുംബാംഗങ്ങള്‍ എഴുതിയ തുറന്ന ഹരജി
തെറ്റില്‍ തന്നെ ഉറച്ചു നില്‍ക്കുക എന്നതാണ് ഏറ്റവും ഗുരുതരമായ തെറ്റ്. BK-16 ന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതും ഇതുതന്നെയാണ്. തുടക്കത്തില്‍ കൊലപാതക-ഗൂഢാലോചനാ ആരോപണത്തോടെ പതിനാറ് പേരെ അറസ്റ്റ് ചെയ്ത ഭീമാ കൊറേഗാവ്-എല്‍ഗാര്‍ പരിഷദ് കേസ് ഇന്ന് വ്യക്തിഗത കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി സ്ഥാപിച്ച ഒപ്പുരേഖപ്പെടുത്താത്തതും സ്ഥിതീകരിക്കാത്തതുമായ നാമമാത്ര എഴുത്തുകുത്തുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു.
എന്നിട്ടും ഭരണകൂടം ഇരുട്ടില്‍ തപ്പി നീതി തടഞ്ഞുകൊണ്ടേയിരിക്കുന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഹാനി ബാബു എം.ടി ആണ് പന്ത്രണ്ടാമതായി BK-16 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹത്തെ പരിചയമില്ലാത്തവര്‍ക്കായി സൂചിപ്പിക്കട്ടെ, ഹാനി ബാബു ഹൈദരാബാദ് ഇഫ്‌ലുവില്‍നിന്നും (EFLU) കോണ്‍സ്റ്റാന്‍സ് യൂണിവേഴ്‌സിറ്റി ജര്‍മനിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഭാഷാപണ്ഡിതനാണ്. സ്വയം അംബേദ്കറൈറ്റായി തിരിച്ചറിഞ്ഞ് തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച സത്യസന്ധനായ അധ്യാപകനും സോഷ്യല്‍ ആക്റ്റിവിസ്റ്റുമാണ് അദ്ദേഹം. മറ്റുള്ളവരുടെ അത്യാവശ്യങ്ങളെ തന്റെ ആവശ്യങ്ങളായി മാറ്റുന്ന അദ്ദേഹത്തെ, അടിയുറച്ച ജനാധിപത്യവിശ്വാസവും പ്രബുദ്ധതയും സൗഹാര്‍ദ്ധവുമുള്ള ധൈഷണികരില്‍ ഒരാളായി, വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ കാണുന്നതില്‍ അത്ഭുതമില്ലല്ലോ.
അതുകൊണ്ടുതന്നെ, അടിസ്ഥാനരഹിതമായ ഭീമാ കൊറേഗാവ്-എല്‍ഗാര്‍ പരിഷദ് കേസില്‍ അന്യായമായി സംശയിക്കപ്പെട്ട ഹാനി ബാബു നേരിടുന്ന ആസൂത്രിത ഭരണകൂടവേട്ട അങ്ങേയറ്റം അപലപനീയമാണ്. അഞ്ച് ദിവസത്തെ നിരര്‍ത്ഥകമായ ചോദ്യംചെയ്യലിനായി എന്‍.ഐ.എ ബോംബെയിലേക്ക് വിളിപ്പിച്ച ഹാനി ബാബുവിനെ 2020 ജൂലൈ 28 ന് ഭീമാ കൊറേഗാവ്-എല്‍ഗാര്‍ പരിഷദ് കേസില്‍ അന്യായമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
അറസ്റ്റിനുമുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം 2020 ആഗസ്റ്റിലും ഹാനി ബാബുവിന്റെ വീട്ടില്‍ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തിയിരുന്നു. വാറണ്ടോ മതിയായ രേഖകളോ കൂടാതെ, തെളിവെടുപ്പിന്റെ അടിസ്ഥാന നടപടിക്രമങ്ങളെപ്പോലും അവഗണിച്ചുകൊണ്ട്, പുസ്തകങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും യു.എ.പി.എയുടെ പേരില്‍ പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുത്ത വസ്തുക്കളെപ്പറ്റിയുള്ള കൃത്യമായ പട്ടികയോ ഹാഷ് വാല്ല്യുവോ നല്‍കാതിരിക്കുക വഴി അവയുടെ തെളിവ്മൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും പിന്നീടുള്ള ദുരുപയോഗത്തിന് സാധ്യതയൊരുക്കുകയുമാണ് ചെയ്തത്. വാസ്തവത്തില്‍, ഈ പരിശോധനയിലും പിടിച്ചെടുക്കലിലും ആദ്യന്തം പുലര്‍ത്തിയ ന്യായരഹിതസമീപനവും തുടര്‍ന്ന് മഹാമാരിയുടെ വ്യാപനം ഉച്ചസ്ഥായിയിലെത്തിയ ആദ്യഘട്ടത്തിനിടയ്ക്കുണ്ടായ സമന്‍സും അറസ്റ്റും ഹാനി ബാബുവിനെപ്പോലെ നിയമവാഴ്ചയില്‍ അങ്ങേയറ്റം വിശ്വസിക്കുകയും എല്ലായിപ്പോഴും ജനാധിപത്യപരമായ വഴികളിലൂടെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളോടുള്ള കടുത്ത അനീതിയാണ്.
നിരപരാധിയായ ഹാനി ബാബു ഇതിനോടകം, തന്നെപ്പോലെ വിചാരണത്തടവുകാരെ നിറച്ച ബോംബെയിലെ തിങ്ങിനിറഞ്ഞ ഒരു ജയിലില്‍ ഒന്‍പത് മാസം കഴിച്ചുകൂട്ടിക്കഴിഞ്ഞു. അറസ്റ്റിനുമുമ്പുണ്ടായ അഞ്ചുദിവസം നീണ്ട ചോദ്യംചെയ്യലില്‍, ഈ കേസില്‍ നേരത്തെ അറസ്റ്റുചെയ്ത ആര്‍ക്കെങ്കിലുമെതിരെ മൊഴി കൊടുത്തുകൊണ്ട് ഒരു സാക്ഷിയാക്കാനുള്ള സമ്മര്‍ദ്ദം എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടെന്ന് ഹാനി ബാബു ഞങ്ങളോട് സൂചിപ്പിച്ചിരുന്നു.
അറസ്റ്റിനു മുമ്പ് ഹാനി ബാബുവിന്റെ മൊബൈലില്‍ നിന്നുള്ള അവസാനത്തെ കോളില്‍, ഇത്തരത്തില്‍ മറ്റുള്ളവരുടെ പങ്കിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് താന്‍ നിരസിച്ചതിലുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ അതൃപ്തിയെപ്പറ്റി സൂചനയുമുണ്ടായിരുന്നു. ഹാനി ബാബുവിനു മേലുള്ള ‘കുറ്റാരോപണം’അതു മാത്രം ഒരു ‘തെളിവായി’ എടുത്തുകൊണ്ട് മാവോയിസ്റ്റ് എന്ന മുദ്രകുത്തി അനന്തമായി തടവിലിട്ടിരിക്കുന്നതില്‍ നിന്നും, ഹാനിബാബുവിന്റെ നീതിബോധത്തിന് പ്രതിഫലമായി എന്‍.ഐ.എ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാന്‍ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.
ഇതിനുപുറമെ, പുതുതായി അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്യുകയും പുതിയ തെളിവുകള്‍ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ടെന്ന കാരണം പറഞ്ഞ് അറസ്റ്റ് ചെയ്യപ്പെട്ട 16 പേരുടെയും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത് ദീര്‍ഘിപ്പിക്കുന്ന രീതിയിലുള്ള ആസൂത്രണമാണുണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള, പരസ്പരം പരിചയം പോലുമില്ലാത്ത, BK-16 ല്‍ പെട്ടുപോയ ആര്‍ക്കും, അവര്‍ തന്നെ നിരപരാധികളായിരിക്കെ, മറ്റൊരാള്‍ക്കെതിരെ വ്യാജമൊഴി കൊടുക്കാനായിട്ടില്ലെന്നിരിക്കേ, എന്‍.ഐ.എ ഇപ്പോഴും പടച്ചുവിട്ട നുണയില്‍ ഉറച്ച് നിന്നു കൊണ്ട്, ഈ കേസ് ഒരു തെറ്റല്ലെന്നു തെളിയിക്കാനുള്ള കഠിനശ്രമത്തിലാണ്.
ഹാനി ബാബുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങളുടെ കടുത്ത മാനസികപീഡനവും വേദനയും, ഈ കൊവിഡ് കാലത്തെ ഭീകരാവസ്ഥയിലുള്ള ഉത്കണ്ഠയും, പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ ജയിലുകളിലെ കോവിഡ്-19 കേസുകളുടെ ദ്രുതഗതിയിലുള്ള വര്‍ധനവില്‍ ബോംബെ ഹൈക്കോടതി പോലും സ്വമേധയാ പൊതുതാല്പര്യ ഹരജി പരിഗണിക്കുന്ന സന്ദര്‍ഭത്തില്‍, നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.
അംബേദ്കറൈറ്റ് വീക്ഷണത്തിലുള്ള ജാതിവിരുദ്ധ പോരാട്ടത്തോടും സാമൂഹ്യനീതിയോടും പുലര്‍ത്തിയ അചഞ്ചലമായ പ്രതിബദ്ധതയാണ് ഹാനി ബാബു ചെയ്ത ഒരേ ഒരു ‘കുറ്റം’ എന്ന് സംശയത്തിന്റെ ഒരു കണിക പോലുമില്ലാതെ ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. അതിനുവേണ്ടി ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഒ.ബി.സി. സംവരണം പ്രാബല്യത്തില്‍ വരുത്തുന്നതിനും SC/ST വിവേചനം അവസാനിപ്പിക്കുന്നതിനും ആദ്യകാലത്ത് നിരന്തരം പോരാടിയവരില്‍ ഒരാളായിരുന്നു അദ്ദേഹം. അതുപോലെ, സഹവിദ്യാര്‍ഥിയും പിന്നീട് സഹപ്രവര്‍ത്തകനുമായ, തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യങ്ങളോടെ ഇപ്പോഴും ജയിലില്‍ നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന ജി.എന്‍. സായി ബാബയ്ക്കുവേണ്ടി രൂപം നല്‍കിയ ‘കമ്മിറ്റി ഫോര്‍ ദ ഡിഫന്‍സ് ആന്‍ഡ് റിലീസ് ഓഫ് സായി ബാബ’യിലും ഹാനി ബാബു സജീവമായി ഇടപെട്ടിരുന്നു.
സംവരണം നടപ്പിലാക്കുന്നതിനുവേണ്ടി ഉയര്‍ത്തുന്ന ശബ്ദങ്ങളും സ്വതന്ത്രവും നീതിപൂര്‍വവുമായ വിചാരണയ്ക്കുവേണ്ടിയുള്ള ഒരു പൗരന്റെ അവകാശത്തിനായി ഉയര്‍ത്തുന്ന പ്രതിരോധങ്ങളും നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങളായിരിക്കെ, ഇവയെ കുറ്റവും മാവോയിസ്റ്റ് ബന്ധമായും വ്യാഖ്യാനിക്കുന്നത് ശരിക്കും അതിശയവും ഞെട്ടലും ഉളവാക്കുന്നു. വാസ്തവം അതാണെന്നിരിക്കെ, മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളിലുള്ള ഹാനി ബാബുവിന്റെ ഇടപെടലുകളാണ് വക്രീകരിച്ചതും മര്‍ദ്ദകസ്വഭാവമുള്ളതുമായ നീതിലഭ്യതയുടെ നടപടിക്രമങ്ങളെപ്പറ്റി, അത് ആത്യന്തികമായി ‘നീതി’ അല്ലെങ്കില്‍ക്കൂടി, മനസിലാക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇത് 2015 ല്‍ എല്‍.എല്‍.ബി എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും അതുവഴി തുല്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്ക് നിയമസഹായം നല്‍കിവരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലം തന്നെ ഹാനി ബാബു മാവോയിസ്റ്റ് ആണെന്ന കഴമ്പില്ലാത്ത ആരോപണത്തിന്റെ ഭ്രമജനകതയെ അടിവരയിടുന്നു.
മറ്റുള്ളവരുടെ ഭാഷാശേഷി വര്‍ധിപ്പിക്കാന്‍ പരിശീലനം നല്‍കിയും, പുതിയ ഭാഷ ഒപ്പമുള്ളവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചും, സഹതടവുകാര്‍ക്ക് നിയമോപദേശങ്ങള്‍ നല്‍കിയും, മറ്റുള്ളവരുടെ അവസ്ഥയെ മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം കാണിച്ചിരുന്ന അര്‍പ്പണമനോഭാവം ജയിലിനുള്ളിലും തുടരുകയാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.
കാതലായ ഒരു തെളിവും ഇതുവരെ എന്‍.ഐ.എക്ക് പുറത്തുവിടാന്‍ സാധിക്കാത്തതിലൂടെ ഹാനി ബാബുവിന്റെ പൗരാവകാശങ്ങളും നിയമാവകാശങ്ങളും തുടര്‍ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നു മാത്രമല്ല, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ക്‌ളോണ്‍ കോപ്പി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാനി ബാബുവിന്റെ അപേക്ഷ അനന്തമായി നീട്ടിവയ്ക്കുകവഴി അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രതിരോധശ്രമങ്ങളെക്കൂടിയാണ് ദുര്‍ബലപ്പെടുത്തുന്നത്.
നിരാകരണത്തിന് സമാനമായ ഇത്തരം അനന്തമായ നീട്ടിവയ്ക്കല്‍ ഒരു സൂചകമായി മാറുന്നത് മസാച്യുസെറ്റ്‌സിലെ ആര്‍സണല്‍ കണ്‍സള്‍ടിങ് എന്ന ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയുടെ കണ്ടെത്തല്‍ കൂടി പുറത്തുവരുമ്പോഴാണ്. BK-16 ല്‍ ഒരാളായ റൊണാ വില്‍സന്റെ കമ്പ്യൂട്ടറില്‍ മലീഷ്യസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സൈബര്‍ചാരന്‍മാര്‍ (ഹാക്കര്‍) നുഴഞ്ഞു കയറി സ്ഥാപിച്ച ഒരുകൂട്ടം രേഖകളെപ്പറ്റിയാണ് ആ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഈ കേസ്സിന്റെ അടിത്തറയായ മാവോയിസ്റ്റ് ഇടപാടുകളുടെ ഏക തെളിവ് ഇത്തരത്തില്‍ ഒരു ലാപ്പ്‌ടോപ്പില്‍ സ്ഥാപിച്ച് മറ്റ് ലാപ്പ്‌ടോപ്പുകളിലേക്ക് വ്യാപിച്ച ഒരു കൂട്ടം രേഖകളാണെന്നത് കേസ്സിന്റെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്നു.
ഇപ്രകാരം പ്രസിദ്ധീകരിക്കപ്പെട്ട നിരവധി കണ്ടെത്തലുകളെപ്പറ്റി, ഒരു വര്‍ഷത്തിന് ശേഷംപോലും, കോടതി സ്വമേധയാ ഒരു നിരീക്ഷണം ഇതുവരെ നടത്താത്തതും, ‘തെളിവുകള്‍’ ആയി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള രേഖകള്‍ക്കുമേല്‍ ഫോറന്‍സിക് വിശകലനത്തിനും, വേഗത്തിലുള്ള സ്വതന്ത്രാന്വേഷണത്തിനും ഉത്തരവിടാത്തതും ഞങ്ങളെ അമ്പരപ്പിക്കുന്നു.
ഏതൊരു ജനാധിപത്യരാജ്യത്തും അടിയന്തിരമായി ലഭ്യമാകുന്ന ഇത്തരം നടപടിക്രമങ്ങളെ അവഗണിച്ചുകൊണ്ട് സ്വീകരിക്കുന്ന നീട്ടിവയ്ക്കല്‍തന്ത്രങ്ങള്‍ നീതി ലഭിക്കുന്നതിന് പ്രതിബന്ധം തീര്‍ക്കാനുള്ള ഉപാധിയായി മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എന്നുമാത്രമല്ല, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുമ്പോള്‍, BK-16 ല്‍ നിന്നുമുള്ള ആവര്‍ത്തിച്ച ജാമ്യാപേക്ഷകള്‍, വയസ്സോ ആരോഗ്യസ്ഥിതിയോ പോലും കണക്കിലെടുക്കാതെ, ഒറ്റയടിക്ക് നിരസിക്കുകയാണ് ചെയ്യുന്നത്. ആയതിനാല്‍, വിവിധ ജയിലുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് കേസുകളും മരണങ്ങളും മൂലം, ജയിലിലെ അവസ്ഥയെപ്പറ്റി ഞങ്ങള്‍ അങ്ങേയറ്റം ഉത്കണ്ഠാകുലരാണ്.
ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കഠിനമായ ലംഘനമല്ലാതെ മറ്റൊന്നുമല്ല. കൊവിഡ് എന്ന നാട്യത്തില്‍ തുടക്കം മുതല്‍ ഹാനി ബാബുവിന് വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ പോലും വിലക്കിയത് മനുഷ്യാവകാശ ലംഘനങ്ങളുടെ എല്ലാ അതിര്‍വരമ്പുകളെയും ഭേദിക്കുന്നതാണ്. കൂടാതെ, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇടയ്ക്കിടെ അദ്ദേഹത്തിനയച്ച പുസ്തകങ്ങളടങ്ങിയ പാഴ്‌സലുകള്‍ വരെ നിരസിച്ചിട്ടുണ്ട്. പലപ്പോഴും കത്തുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും, ഫോണ്‍ കോളുകള്‍ ചെയ്യുന്നതുപോലും ബന്ധപ്പെട്ട അധികാരികളുടെ തന്നിഷ്ടപരമായ നിയന്ത്രണങ്ങളില്‍ക്കൂടിയാണെന്നാണ് മനസിലാക്കുന്നത്.
ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ മഹാമാരി ബാധിക്കാത്ത ഒരു വ്യക്തിയോ കുടുംബമോ സ്ഥാപനമോ (കോടതിയുള്‍പ്പെടെ) ഉണ്ടാകില്ല. ഈ പ്രത്യേകഘട്ടത്തില്‍, നീതിയുടെ നിരന്തര പരീക്ഷണത്തിനും പരിഹാസത്തിനും വിധേയരാകുന്ന, ഭരണഘടന ഉറപ്പുതരുന്ന ജനാധിപത്യാവകാശങ്ങളില്‍ വിശ്വസിക്കുകയും അതിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതിന്റെ പേരില്‍, ഹാനി ബാബുവിനെ പോലെ, വിചാരണതടവുകാരായി ജയിലില്‍ കഴിയുന്നവരുടെ കുടുംബത്തിനുണ്ടാകുന്ന ഇരട്ട ആഘാതം വാക്കുകള്‍ കൊണ്ട് വിവരിക്കുക അസാധ്യമാണ്. ആശയവിനിമയം, ക്രയവസ്തുക്കള്‍, പണം തുടങ്ങിയവയ്ക്കുമേലുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ വിചാരണയും കാത്ത് എന്നന്നേക്കുമായി തടവിലടയ്ക്കപ്പെട്ടവരുടെ സംഘര്‍ഷം അവാച്യമാണ്.
പുറത്ത് നാം നിസ്സാരമായി കരുതുന്ന പലതും ജയിലിനുള്ളില്‍ അമൂല്യമാണെന്ന് അപൂര്‍വ്വം വരുന്ന ഹാനി ബാബുവിന്റെ കത്തുകളിലൊന്നില്‍ സൂചിപ്പിക്കുന്നുണ്ട്. പോസ്റ്റല്‍ സ്റ്റാമ്പിന്റെയും പേപ്പറിന്റെയും പേനയുടെയുമൊക്കെ ദൗര്‍ലഭ്യവും, ലഭ്യമാകുമ്പോഴുള്ള അതിന്റെ താങ്ങാനാകാത്ത വിലയും മൂലം അപൂര്‍വമായി മാത്രമേ കത്തുകള്‍ എഴുതാന്‍ സാധിക്കുന്നുള്ളൂ. എന്നിട്ടും തനിക്ക് ന്യായമായി അവകാശപ്പെട്ട ജീവിതം നീതിന്യായവ്യവസ്ഥ തിരിച്ചു തരുമെന്ന ഹൃദയപൂര്‍വ്വമായ പ്രതീക്ഷയും അചഞ്ചല വിശ്വാസവും ഹാനിബാബുവിന്റെ എഴുത്തുകളില്‍ പ്രകടമാണ്.
ഇനിയും വിചാരണക്ക് വരുത്തുന്ന കാലതാമസം ഹാനി ബാബുവിനെ അദ്ദേഹത്തിന്റെ വ്യക്തിപരവും അക്കാദമികവും ബൗദ്ധികവുമായ ജീവിതത്തില്‍നിന്നും വീണ്ടും അകറ്റിക്കൊണ്ടുപോവുകയാണ്. സുപ്രീംകോടതിയുടെ സമീപകാലത്തെ ഒരു നിരീക്ഷണം ഉറപ്പിച്ചുപറയുന്നത് കാലതാമസം വരുത്താതെയുള്ള വിചാരണ, അത് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരായാല്‍പ്പോലും ഒരു മൗലികാവകാശമാണെന്നാണ്. നടപടിക്രമങ്ങള്‍ തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ ഇനിയും തുടരാതിരിക്കട്ടേ.
ഹാനി ബാബുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങള്‍ ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു. i) പ്രതിഭാഗത്തിന് സ്വതന്ത്രാന്വേഷണം നടത്താനും അതിവേഗം വിചാരണ ആരംഭിക്കുന്നതിനുമായി ക്‌ളോണ്‍കോപ്പികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും എത്രയും വേഗം ലഭ്യമാക്കുക. ii) വിചാരണ ആരംഭിക്കുംവരെ നിലവിലെ നിയമവ്യവസ്ഥകള്‍ക്കനുസരിച്ച് എല്ലാ കുറ്റാരോപിതര്‍ക്കും എത്രയും വേഗം ജാമ്യം അനുവദിക്കുക.
അല്ലാത്തപക്ഷം, വളഞ്ഞുതിരിഞ്ഞതും, നിര്‍ദ്ദയവുമായ, പുറത്തുകടക്കാനാവാത്ത വലയമെന്ന പഴി, ഇതിനോടകം അല്ലെങ്കില്‍, ഇപ്പോള്‍ നിയമവാഴ്ച സ്വയം വിളിച്ചുവരുത്തുകയാണ്.