ന്യൂദല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഗൗതം നവ്‌ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. 48 മണിക്കൂറിനകം മാറ്റനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.
കര്‍ശന വ്യവസ്ഥകളോടെയാണ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. വീട്ടുതടങ്കലിന് നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവിലേക്കായി നവി മുംബൈ സി.പിയുടെ പേരില്‍ 2.40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കെട്ടിവെക്കണമെന്നാണ് കോടതിയുടെ ഒരു പ്രധാന വ്യവസ്ഥ.
ഒരു മാസത്തിന് ശേഷം ഇത് റിവ്യൂ ചെയ്യുമെന്നും കുറ്റവിമുക്തനാകുമ്പോള്‍ പണം തിരികെ നല്‍കുമെന്നുമാണ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്. വീട്ടുതടങ്കല്‍ ദുരുപയോഗപ്പെടുത്തുന്നില്ലെന്ന് സായുധ സേനക്ക് ഉറപ്പാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗൗതം നവ്‌ലാഖയ്ക്ക് പങ്കാളിക്കൊപ്പം ജീവിക്കാമെന്നും പങ്കാളിയുടെ ഫോണ്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ആഴ്ചയിലൊരിക്കല്‍ കുടുംബത്തിലെ രണ്ടംഗങ്ങളെ കാണാനും അനുമതി നല്‍കി.
നവ്‌ലാഖ ഫോണോ ലാപ്‌ടോപ്പോ മറ്റ് ആശയ വിനിമയ ഉപകരണങ്ങളോ ഉപയോഗിക്കുന്നില്ലെന്നും പൊലീസ് നല്‍കുന്ന ഫോണ്‍ പൊലീസ് സാന്നിധ്യത്തില്‍ തന്നെ ദിവസം 10 മിനിട്ട് മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനെ എന്‍.ഐ.എ ശക്തമായി എതിര്‍ത്തിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിക്കൂടെയെന്ന് സുപ്രിം കോടതി ചോദിച്ചെങ്കിലും എന്‍.ഐ.എ വഴങ്ങിയിരുന്നില്ല. ഇതോടെ പ്രായവും ആരോഗ്യാവസ്ഥയും കണക്കിലെടുത്ത് വീട്ടുതടങ്കല്‍ അനുവദിക്കാന്‍ സുപ്രിം കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം, ത്വക്ക് അലര്‍ജി, ദന്ത പ്രശ്‌നങ്ങള്‍ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചിരുന്നു. ക്യാന്‍സര്‍ സംശയിക്കുന്നതിനാല്‍ കൊളോനോസ്‌കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് മാറ്റണമെന്ന അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്.
73 കാരനായ നവ്ലാഖ 2018 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്. ഭീമാ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018 ഓഗസ്റ്റില്‍ ഗൗതം നവ്‌ലഖയടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയാണ് ഇവരെ തടങ്കലിലാക്കിയത്. ഇവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും വിശേഷിപ്പിച്ചത്.