| Friday, 18th November 2022, 12:25 pm

ഭീമ കൊറേഗാവ് കേസില്‍ ആനന്ദ് തെല്‍തുംദെക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച എഴുത്തുകാരനും ദളിത് സൈദ്ധാന്തികനുമായ ആനന്ദ് തെല്‍തുംദെക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസുമാരായ എ.എസ്. ഖഡ്കരി, മിലിന്ദ് ജാദവ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ ആനന്ദ് തെല്‍തുംദെക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചെങ്കിലും തെല്‍തുംദെക്ക് ഉടന്‍ പുറത്തിറങ്ങാനാവില്ല. ഉത്തരവ് നടപ്പാക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. കേസില്‍ എന്‍.ഐ.എ ഉടന്‍ സുപ്രീം കോടതിയെ അപ്പീലുമായി സമീപിക്കും. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ എന്‍.ഐ.എക്ക് കോടതി സമയവും അനുവദിച്ചിട്ടുണ്ട്.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയില്‍ ഭാഗമായി എന്നീ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കേസില്‍ തെല്‍തുംദെക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെല്‍തതുംദെക്ക് എതിരെ നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐ.ഐ.ടി പ്രൊഫസറും ദളിത് സ്‌കോളറുമായ ആനന്ദ് തെല്‍തുംദെയെ 2020 ഏപ്രില്‍ 14 നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിന്റെ കണ്‍വീനര്‍ ആയിരുന്നു ആനന്ദ്.

2018ല്‍ രാജ്യത്തെ ദലിത് സംഘടനകളുടെയും എല്‍ഗാര്‍ പരിഷദ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ആചരിക്കുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ഒട്ടേറെപ്പേരെ കേസില്‍പ്പെടുത്തി വേട്ടയാടുകയായിരുന്നു.

കേസില്‍ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെയാളാണ് തെല്‍തുംദെ. നേരത്തെ, കവി വരവരറാവുവിന് മെഡിക്കല്‍ ജാമ്യവും അഭിഭാഷക സുധ ഭരദ്വാജിന് സ്വാഭാവിക ജാമ്യവും അനുവദിച്ചിരുന്നു.

കേസില്‍ തെല്‍തുംദെക്കൊപ്പം അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും നടപ്പായിട്ടില്ല.

വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത എന്‍.ഐ.എ നടപടിക്കെതിരെ ഗൗതം നവ്‌ലാഖ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

Content Highlight: Bhima Koregaon Case: Bombay High Court grants bail to Anand Teltumbde

We use cookies to give you the best possible experience. Learn more