| Wednesday, 13th March 2019, 11:37 pm

ഭീമ കൊറേഗാവ്; അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ ദളിതരെ ഒരുമിച്ചു കൂട്ടി കേന്ദ്ര സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ രാജ്യത്തെ ദളിതരെ ഒരുമിച്ച് കൂട്ടി കേന്ദ്ര സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് മഹാരാഷ്ട്ര പൊലീസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്ന് പൊലീസ് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

അറസ്റ്റിലായ അരുണ്‍ ഫെറേറയുടെ ജാമ്യാപേക്ഷയ്ക്ക് മറുപടിയെന്നോണമാണ് പുനെ എ.സി.പി ശിവാജി പവാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 5ന് നടക്കുമെന്ന് ജസ്റ്റിസ് പി.എന്‍. ദേശ്മുഖ് അറിയിച്ചു.

ഫെറേറയും അറസ്റ്റിലായ മറ്റാളുകളും സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. പൊതു ജനങ്ങളെ, പ്രത്യേകിച്ച് ദളിത് വിഭാഗങ്ങളില്‍ പെട്ടവരെ രാഷ്ട്രീയമായും സായുധ സഹായങ്ങള്‍ നല്‍കിയും കേന്ദ്രത്തിനെതിരെ തിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Also Read മാതൃകാ പെരുമാറ്റ ചട്ടം; മോദിയുടെ ചിത്രം പതിച്ച ബാനറുകള്‍ പെട്രോള്‍ പമ്പില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഐ.ഒ.സി

“സി.പി.ഐ (മാവോയിസ്റ്റ്) ദളിതുകള്‍ക്കിടയില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ പ്രത്യേക ശ്രമങ്ങള്‍ നടത്തുകയാണ്. സ്വാഭിമാനം, വിവേചനം, അടിച്ചമര്‍ത്തല്‍, ഇകഴ്ത്തല്‍, മുന്നാക്ക ജാതിയില്‍ പെട്ടവരുടെ ആക്രമണം, എന്നിങ്ങനെയുള്ള ദളിതുകളുടെ പോരാട്ടങ്ങള്‍ ഏറ്റെടുത്ത് തങ്ങളുടെ ലക്ഷ്യം നേടാന്‍ ശ്രമിക്കുകയാണിവര്‍”- റിപ്പോര്‍ട്ടില്‍ പറയുന്നു.

കസ്റ്റഡിയിലുള്ള ഫെറേറയും, വെര്‍നന്‍ ഗോണ്‍സാല്‍വസും ആളുകളെ നിരോധിത സംഘടനയിലേക്ക് ആകര്‍ഷിച്ചെന്നും പൊലീസ് ആരോപിക്കുന്നു.

Also Read യുവത്വത്തിന്റെ ശബ്ദങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുകയാണ്: ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച ശേഷം പ്രിയങ്കാ ഗാന്ധി

ഡിസംബറില്‍ ഭീമാ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷദില്‍ ഫെറേറിയയും മറ്റുള്ളവരും വിപ്ലവത്തിന് ആഹ്വാനം നല്‍കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തിയെന്നും പൊലീസ് പറയുന്നുണ്ട്.

ഭീമ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശോമ സെന്‍, സുരേന്ദ്ര ഗാദ്‌ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ 2018 ജൂണില്‍ പുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2018 ഓഗസ്തില്‍ ഗൗതം നാവ്‌ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.

ജനുവരി ഒന്നിന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മിലുള്ളണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. തെല്‍തുദെയുടെയും സ്റ്റാന്‍ സ്വാമിയുടെ വീട്ടിലും ഓഫീസിലും പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

Image Credits: PTI

We use cookies to give you the best possible experience. Learn more