| Wednesday, 21st February 2018, 9:17 am

ഭീമാ കൊറേഗാവ് സംഘര്‍ഷത്തിലെ പ്രതിയോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ഭീമ കൊറേഗാവ് സംഘര്‍ഷത്തിലെ പ്രതിയോടൊപ്പമുള്ള ചിത്രം പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദത്തില്‍. ഛത്രപതി ശിവജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മോദി തന്നെ ട്വിറ്ററില്‍ പങ്ക് വെച്ച് വീഡിയോ ചിത്രത്തില്‍ ഭീമാകൊരേഗാവ് സംഘര്‍ഷത്തിലെ മുഖ്യപ്രതി ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സംഭാജി ബിഡെയുമുണ്ട്.

ശിവജി പണിതീര്‍ത്ത റായ്ഡ് കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കിയത്. ഇതിന്റെ അവസാനഘട്ടത്തിലാണ് സംഭാജി ബിഡെയെ കാണിക്കുന്നത്.

ശിവജിയുടെ പുനര്‍ജന്മം വിഭാവനം ചെയ്യാന്‍ പ്രയാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനായാസം സാധിക്കുമെന്ന് മോദി പറയുമ്പോഴാണ് അദ്ദേഹത്തോടൊപ്പം സംഭാജി ബിഡെയുടെ ചിത്രം തെളിയുന്നത്.

ഒരാളുടെ മരണത്തിനിടയാക്കിയ ഭീമാ കൊരേഗാവ് സംഘര്‍ഷത്തിലെ പ്രതിയെന്ന് മുദ്ര കുത്തപ്പെട്ട ബിഡെയോടൊപ്പം നില്‍ക്കുന്ന ചിത്രം എന്തിനാണ് ഉള്‍പ്പെടുത്തിയതെന്ന് ട്വീറ്റിന് താഴെ കമന്റ് വരുന്നുണ്ട്. ഇതുകൊണ്ടാണോ ബിഡെയുടെ അറസ്റ്റ് വൈകുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

നേരത്തെ മോദിയുടെ ഗുരുവാണ് ബിഡെ എന്നും വാര്‍ത്തകളുണ്ടായിരുന്നു

അതേസമയം ഭീമാ കൊറേഗാവ് സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്ത തീവ്രഹിന്ദു സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ 28-ന് മുംബെയിലെ ആസാദ് മൈതാനത്ത് റാലിനടത്താനിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more