കോഴിക്കോട്: മാതൃഭൂമി പത്രത്തില്‍ പരസ്യം നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായി ഭീമ ജ്വല്ലേര്‍സ്. ഫേസ്ബുക്കില്‍ ഉപഭോക്താക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരസ്യം നല്‍കുന്നത് നിര്‍ത്തി വെയ്ക്കുന്നതെന്നാണ് ജ്വല്ലറി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
ഒരു മലയാളി ദിനപത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറേ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ഇത് ഞങ്ങള്‍ ഗൗരവത്തോടെ കാണുന്നു എന്ന് പറഞ്ഞാണ് ഭീമയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
പരസ്യങ്ങള്‍ മുന്‍ കൂട്ടി നല്‍കിയതാണെന്നും, പരസ്യ ഏജന്‍സിയാണ് പരസ്യങ്ങളുടെ കാര്യം തീരുമാനിക്കുന്നതെന്നും പോസ്റ്റില്‍ ന്യായീകരണമുണ്ട്.
94 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് ഭീമയെന്നും, സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തതോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും പോസ്റ്റില്‍ പറയുന്നു. സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതുവിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ നില്‍ക്കുക എന്നതാണ് തങ്ങളുടെ ശൈലി എന്നും പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്കില്‍ ആളുകള്‍ പ്രതിപാദിച്ച വിഷയം ഗൗരവത്തോടെ തന്നെ കാണുന്നുവെന്നു, ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തില്‍ പരസ്യം നല്‍കിയതിന് ഭീമ ജ്വല്ലേര്‍സ് ഹിന്ദുത്വവാദികളിൽ നിന്നും സംഘപരിവാർ അനുകൂല സംഘടനകളിൽ നിന്നും സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഹിന്ദുസമൂഹത്തെ അപമാനിച്ച മാതൃഭൂമിക്ക് പരസ്യം നല്‍കുന്ന സ്ഥാപനത്തില്‍ നിന്നും ഇനി സ്വര്‍ണ്ണം വാങ്ങില്ല എന്നായിരുന്നു ഭീഷണികള്‍.
എഴുത്തുകാരന്‍ എസ്.ഹരീഷിന്റെ നോവല്‍ മീശ പ്രസിദ്ധീകരിച്ചതിനാണ് സൈബര്‍ ഇടങ്ങളില്‍ മാതൃഭൂമിക്കെതിരെ പ്രചരണം നടക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നു.
ഞങ്ങളുടെ പരസ്യങ്ങൾ എവിടെ ഏതു പത്രത്തിൽ എപ്പോൾ കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജൻസിയാണ്. അവർ ആ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകൾ ഉദ്ധരിച്ചാണ്. പരസ്യങ്ങൾ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുൻകൂട്ടിക്കണ്ട് പരസ്യ ഏജൻസി പത്രങ്ങൾക്കു മുൻകൂർ നല്കിയിട്ടുള്ളതാണ്. ഭീമ 94 വർഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങൾ ഏറെ പ്രാധാന്യം നൽകി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളിൽ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്‌ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്ന് ഭീമ ജുവല്ലേഴ്‌സ്