ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമാകും വിധം കേരളത്തിലും ദളിത് പീഡനങ്ങള്‍; ഭീം ആര്‍മിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്
Kerala
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമാകും വിധം കേരളത്തിലും ദളിത് പീഡനങ്ങള്‍; ഭീം ആര്‍മിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 3:16 pm

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തലസ്ഥാന നഗരിയില്‍ ഭീം ആര്‍മി കേരള പ്രതിഷേധ മാര്‍ച്ചും ഉപവാസ സമരവും സംഘടിപ്പിച്ചു. രാവിലെ പത്ത് മണിയോടെ അയ്യങ്കാളി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമാകും വിധം കേരളത്തിലും ദളിത് പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഓരോ കോണിലും ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങള്‍ നിരന്തരം അതിക്രൂരമായും, നിഷ്ഠൂരമായും വേട്ടയാടപ്പെടുകയാണെന്നും ഭീം ആര്‍മി നേതാക്കള്‍ പറഞ്ഞു.

വാളയാറിലും പാലത്തായിലും ഉള്‍പ്പെടെ സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നിരന്തരം ആക്രമണം നടക്കുകയാണെന്നും ഭീം ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു.

യു.എ.പി.എ, സാമ്പത്തിക സംവരണം, ഭരണഘടന അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഭീം ആര്‍മിയുടെ പ്രതിഷേധം.
ഭീം ആര്‍മി കേരള സംസ്ഥാന ചീഫ് റോമ്പിന്‍ ജോബ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

ഭീം ആര്‍മി കേരളയുടെ ഉപദേശക സമിതി അംഗം സുധ വിജയകുമാര്‍, തിരുവനന്തപുരം ജില്ല പ്രസിഡന്റ് രഞ്ജിനി സുഭാഷ്, ട്രഷറര്‍ പ്രജിഷ കെ, മീഡിയ ഇന്‍ചാര്‍ജ് അനുരാജി പി ആര്‍, മീഡിയ കമ്മറ്റി അംഗം പ്രിയ മാത്യു എന്നിവര്‍ ഉപവാസമനുഷ്ഠിച്ചു. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

Content Highlight: Bhim Army Secretariate march