ലഖ്‌നൗ: ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷിക ദിനമായ മാര്‍ച്ച് 15ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ഭീം ആര്‍മിയും അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദും. ദല്‍ഹിയില്‍ വെച്ചാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടക്കുക. പ്രഖ്യാപന യോഗത്തില്‍ ഭീം ആര്‍മിയുടെ മുതിര്‍ന്ന നേതാക്കളും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും സന്നിഹിതരാവും.
മൂന്ന് പേരുകളാണ് പുതിയ പാര്‍ട്ടിക്ക് വേണ്ടി ഭീം ആര്‍മി കണ്ടെത്തിയിരിക്കുന്നത്. ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാം പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളാണ് അവ. ഈ പേരുകളില്‍ നിന്നൊരു പേര് തെരഞ്ഞെടുത്താണ് ദല്‍ഹിയില്‍ പ്രഖ്യാപിക്കുക.
ആസാദ് സമാജ് പാര്‍ട്ടി എന്ന പേര് തെരഞ്ഞെടുത്തുവെന്നും ഭീം ആര്‍മി വൃത്തങ്ങളില്‍ നിന്ന് വിവരങ്ങളുണ്ട്. അംഗത്വ വിതരണം പാര്‍ട്ടി പ്രഖ്യാപനത്തെ തുടര്‍ന്ന് നടത്താനും പാര്‍ട്ടി പ്രകടനപത്രിക പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാനുമാണ് ഭീം ആര്‍മി തീരുമാനം.
മുന്‍ ബി.എസ്.പി എം.പിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീം ആര്‍മി വൃത്തങ്ങള്‍ പറയുന്നു. നിരവധി മുന്‍ ബി.എസ്.പി നേതാക്കളുമായി ചന്ദ്രശേഖര്‍ ആസാദ് ചര്‍ച്ച നടത്തിയെന്നും അവര്‍ പറഞ്ഞു.