വിദ്വേഷം വെടിഞ്ഞ് സര്‍ക്കാര്‍ സിദ്ദീഖ് കാപ്പനെ ജയില്‍ മോചിതനാക്കണം; ചന്ദ്രശേഖര്‍ ആസാദ്
national news
വിദ്വേഷം വെടിഞ്ഞ് സര്‍ക്കാര്‍ സിദ്ദീഖ് കാപ്പനെ ജയില്‍ മോചിതനാക്കണം; ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th April 2021, 12:15 pm

ലഖ്‌നൗ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സിദ്ദീഖ് കാപ്പന്‍ ജയിലില്‍ സുരക്ഷിതനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെടുന്നുണ്ടെന്നും ബാത്ത് റൂമില്‍ വീണ അദ്ദേഹത്തിന് ഗുരുതര പരിക്കുകളാണ് ഉള്ളതെന്നും ആസാദ് പറഞ്ഞു.

സര്‍ക്കാര്‍ വിദ്വേഷം വെടിഞ്ഞ് ഉടന്‍ തന്നെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

കൊവിഡ് ബാധിച്ച കാപ്പന്‍ ഇപ്പോള്‍ ചികിത്സയിലാണ്. അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാന സിദ്ദീഖ് പറഞ്ഞിരുന്നു. കാപ്പനെ മോചിപ്പിക്കാനും അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും റൈഹാന ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിജയന്‍ കത്തയച്ചു.

ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ചികിത്സ ഉറപ്പാക്കണമെന്ന് മാത്രമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിനെതിരെ ആരോപിക്കുന്ന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും കത്തില്‍ പ്രതിപാദിക്കുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Bhim Army leader Chandra Shekhar Azad stands for siddique kappan