| Wednesday, 28th June 2023, 6:31 pm

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവെപ്പ്; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു. നിസാര പരിക്കുകളേറ്റ ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും നിസാര പരിക്കുകള്‍ മാത്രമാണ് സംഭവിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്നത്.

ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ യാത്ര ചെയ്യുന്നതിനിടെ സഹരണ്‍പൂരില്‍ വെച്ച് ഒരു സംഘം  അക്രമികള്‍ രണ്ട് തവണ വെടിയുതിര്‍ത്തിരുന്നു. അതില്‍ ഒരെണ്ണം ആസാദിന്റെ വയറിനോട് തൊട്ടുരുമ്മിയാണ് കടന്നു പോയത്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഹരിയാന നമ്പര്‍ പ്ലേറ്റാണ് അക്രമികള്‍ വന്ന കാറിന് ഉണ്ടായിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
വെടിവെപ്പ് നടക്കുമ്പോള്‍ തന്റെ ഇളയ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് ആസാദ് പൊലീസിന് മൊഴി നല്‍കി. ‘എനിക്ക് നന്നായി ഓര്‍മയില്ല. പക്ഷേ എന്റെ ആളുകള്‍ അവരെ തിരിച്ചറിഞ്ഞു. അവരുടെ കാര്‍ സഹരണ്‍പൂര്‍ ലക്ഷ്യമാക്കിയാണ് പോയത്. ഞങ്ങള്‍ ഒരു യു-ടേണ്‍ എടുത്തു. ഇളയ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്,’ ആസാദ് പൊലീസിനോട് പറഞ്ഞു.
ആക്രമിക്കപ്പെട്ട കാറിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡ്രൈവര്‍ക്കൊപ്പം കാറിന്റെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യവെയാണ് ആസാദിന് നേരെ വെടിയുതിര്‍ക്കുന്നത്. ബുള്ളറ്റ് കാറിന്റെ ഡോറും സീറ്റും തുളച്ച് പോയെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

അംബേദ്കറൈറ്റ് പ്രവര്‍ത്തകരുടെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനും പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സഹറന്‍പൂര്‍ എസ്.എസ്.പി ഡോ. വിപിന്‍ ടാഡ പറഞ്ഞു. ‘ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനും പേര്‍ വെടിയുതിര്‍ത്തു. ഒരു ബുള്ളറ്റ് അദ്ദേഹത്തെ കടന്നു പോയി. ആസാദ് സുഖമായിരിക്കുന്നു. ആസാദിനെ ചികിത്സക്കായി സി.എച്ച്.സിയിലേക്ക് കൊണ്ടുപോയി. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്,’ ഓഫീസര്‍ പറഞ്ഞു.

Content Highlights: bhim army leader chandra shekhar azad shot by strangers, narrowly escapes

We use cookies to give you the best possible experience. Learn more