| Sunday, 4th October 2020, 6:06 pm

ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ പ്ലസ് സുരക്ഷയൊരുക്കണം, പറ്റില്ലെങ്കില്‍ അവരെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും; ചന്ദ്രശേഖര്‍ ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. കുടുംബാംഗങ്ങള്‍ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെയാണ് ഇക്കാര്യം അറിയിച്ചത്.

‘പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തണം. അവര്‍ ഇവിടെ സുരക്ഷിതരല്ല. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണം’- ആസാദ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹാത്രാസിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ രാവിലെ പൊലീസ് തടഞ്ഞിരുന്നു. 11 മണിയോടെ ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു.

ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പൊലീസ് ഭീം ആര്‍മി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നേരത്തെ ആസാദ് പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.

ഹാത്രാസ് ബലാത്സംഗക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി സര്‍ക്കാരും മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്ര ശേഖര്‍ ആസാദ് നേരത്തെ ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

സി.പി.ഐ.എം നേതാക്കള്‍ ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണന്‍, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ എ.ആര്‍ സിന്ധു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. വെങ്കട്, കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ട്രഷറര്‍ പുണ്യവതി, സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആശാ ശര്‍മ എന്നിവരാണ് ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹാത്രാസ് പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി നിലകൊള്ളുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും ഹാത്രാസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Bhim Army Head Chandrasekhar Asad Visits Hatthras Family

We use cookies to give you the best possible experience. Learn more