സഹാരണ്‍പൂര്‍: ഭീം ആര്‍മി സ്ഥാപക നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണനെ ജയിലില്‍ നിന്നും വിട്ടയച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ചന്ദ്രശേഖറിനെ വെള്ളിയാഴ്ച രാവിലെയാണ് സഹാരണ്‍പൂര്‍ ജയിലില്‍ നിന്നും വിട്ടയച്ചത്.
സഹാരണ്‍പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2017 ജൂണ്‍ എട്ടിനാണ് ചന്ദ്രശേഖറിനെ ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റു ചെയ്തത്. നവംബറില്‍ ശിക്ഷാ കാലാവധി ആറു മാസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു.
“സുപ്രീം കോടതിയുടെ താക്കീത് ലഭിക്കുമെന്ന് സര്‍ക്കാരിനു ഭയമുണ്ടായിരുന്നു. അതിനാലാണ് അവര്‍ സ്വയം രക്ഷിക്കാനായി എന്നെ നേരത്തേ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. മറ്റെന്തെങ്കിലും കാരണം കണ്ടെത്തി പത്തു ദിവസത്തിനകം അവര്‍ തിരിച്ചെത്തുമെന്ന് എനിക്കുറപ്പാണ്” ജയില്‍ മോചിതനായ ശേഷം ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞു.
അനീതിക്കെതിരെയും അരികുവല്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയുമുള്ള പോരാട്ടം തുടരും. 2019ല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ചന്ദ്രശേഖറില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്ന് ഭീം ആര്‍മി ജില്ലാ പ്രസിഡന്റ് കമല്‍ വാലിയയും പ്രതികരിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് ജയിലിനു പുറത്ത് ചന്ദ്രശേഖറിനെ സ്വീകരിക്കാനായി കാത്തുനിന്നിരുന്നത്. ദളിത് അവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ഭീം ആര്‍മി 2015ലാണ് വിനയ് രത്തന്‍ സിംഗുമായി ചേര്‍ന്ന് ചന്ദ്രശേഖര്‍ സ്ഥാപിക്കുന്നത്.