ലക്‌നൗ: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിക്ക് ദിശതെറ്റിയെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സമത്വം കൈവരിക്കാന്‍ സാമൂഹിക താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രസംഗം കൊണ്ട് മാത്രം ദളിതരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കില്ലെന്നും ചന്ദ്രശേഖര്‍ തുറന്നടിച്ചു.
”രാജ്യത്ത് ന്യൂനപക്ഷങ്ങളെയും ദളിതരെയും ഉന്നംവെച്ചുള്ള അതിക്രമങ്ങളാണ് നടക്കുന്നത്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. രാഷ്ട്രീയത്തിലും ദളിതരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് വേണ്ടത്. ഈ ധാരണയുടെ പുറത്താണ് മാര്‍ച്ച് 15ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതും,” ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ബി.എസ്.പിയുടെ വിപുലമായ രാഷ്ട്രീയ അടിത്തറ തങ്ങളെ ബാധിക്കില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പ്രതികരിച്ചു. തങ്ങള്‍ ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും താത്പര്യം സംരക്ഷിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ദളിതര്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പ് വരുത്തുക എന്നതാണ് പ്രധാന ലക്ഷ്യവും. 2022ലെ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ ഒരു പാര്‍ട്ടിയുമായും സഹകരിക്കാനുള്ള ആലോചനകള്‍ ഇപ്പോള്‍ ഇല്ലെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇനിയും സമരം തുടരുമെന്നും, ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം എവിടെ നിന്നുണ്ടായാലും അതിനെതിരെ ചെറുത്തു നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മായാവതിയുടെ ബി.എസ്.പിയില്‍നിന്നും നിരവധിപ്പേര്‍ ഇതിനോടകം തന്നെ ഭീം ആര്‍മിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പ് കളത്തിലെ വിജയത്തിനായി ഒ.ബി.സി വോട്ടുകളെയാണ് ചന്ദ്രശേഖര്‍ ആസാദ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഇതിനായി ഒ.ബി.സി നേതാവും എസ്.ബി.എസ്.പി നേതാവുമായ ഓം പ്രകാശ് രാജ്ബറുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അതേസമയം വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന സഖ്യത്തോടു ചേര്‍ന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഓം പ്രകാശ് രാജ്ബറുമായുള്ള ചര്‍ച്ച ഇതിന്റെ ആദ്യ പടിയാണെന്നാണ് വിലയിരുത്തല്‍.