ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ പൊലീസിനെ വിറപ്പിച്ച പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍. ആസാദിനെ വിട്ടുതരില്ലെന്നു പ്രഖ്യാപിച്ച് പ്രതിഷേധക്കാര്‍ അണിനിരന്നെങ്കിലും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ആസാദ് പോകാന്‍ തയ്യാറായത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.
നേരത്തേ കസ്റ്റഡിയിലെടുത്ത നാല്‍പ്പതോളം പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ജുമഅ പരിസരത്തു നടന്നത്. കസ്റ്റഡിയിലെടുത്ത നാല്‍പ്പതോളം പേരില്‍ എട്ടോളം പേര്‍ കുട്ടികളാണ്. മാതാപിതാക്കളെത്തിയാല്‍ മാത്രമേ ഇവരെ വിട്ടയക്കൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെതിരെ ദല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രംഗത്തെത്തിയിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍ക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നല്‍കണമെന്നും മജിസ്‌ട്രേറ്റ് പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദര്യഗഞ്ജില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന പ്രതിഷേധത്തിനിടെയാണ് നാല്‍പ്പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ആസാദിന്റെ നേതൃത്വത്തില്‍ മസ്ജിദ് പരിസരം പ്രതിഷേധക്കടലാവുകയായിരുന്നു. അംബേദ്ക്കറിന്റെ ചിത്രം അടങ്ങിയ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.
ദല്‍ഹിയിലെ നിരോധനാജ്ഞയെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് ജുമഅ മസ്ജിദില്‍ നടന്നത്. ദേശീയ പതാക ഉയര്‍ത്തിയാണ് പലരും പ്രതിഷേധത്തിന് എത്തിയത്.
ജുമഅ മസ്ജിദില്‍ നിന്നും ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു നേരത്തെ ഭീം ആര്‍മി തീരുമാനിച്ചത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പള്ളി ഇമാമിനോട് ഇത്തരമൊരു റാലിക്ക് അനുമതി നല്‍കരുതെന്ന് ദല്‍ഹി പൊലീസ് ആവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇമാം തന്നെ പ്രതിഷേധക്കാരോട് മസ്ജിദിന് പുറത്ത് പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.