| Saturday, 29th December 2018, 9:31 am

ദളിത് റാലിക്കെതിരെ ബി.ജെ.പി; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മുംബൈയില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ കരുതല്‍ തടങ്കലില്‍. മുംബൈ പൊലീസാണ് ആസാദിനെ തടഞ്ഞുവെച്ചത്. ആസാദ് മലാഡിലെ മണാലി ഹോട്ടലില്‍ കഴിയവേയാണ് അനുമതിയില്ലാതെ പുറത്തിറങ്ങരുതെന്ന പൊലീസിന്റെ ഉത്തരവ് ലഭിച്ചത്.

ഭീം ആര്‍മി ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന റാലികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം നഗരത്തിലെത്തിയത്. വെള്ളിയാഴ്ച നഗരത്തിലെത്തിയ മലാഡിലെ മണാലി ഹോട്ടലിലാണ് കഴിയുന്നത്. അവിടെ എത്തിയതിന് തൊട്ടുപിന്നാലെ ഹോട്ടലില്‍ എത്തിയ പൊലീസ് അനുമതിയില്ലാതെ പുറത്തിറങ്ങരുതെന്ന് ഉത്തരവ് നല്‍കിയതായി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

Read Also : ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി

നേരത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഭീം ആര്‍മി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കിയില്ലെങ്കിലും പരിപാടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു ആസാദിന്റെ നിലപാട്. റാലി നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഫഡ്‌നാവിസ് സര്‍ക്കാര്‍ മനപ്പൂര്‍വം റാലിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നും മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണമാണ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും ആസാദ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബറിലാണ് ഭീം ആര്‍മി സ്ഥാപക നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായത്. ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ചന്ദ്രശേഖറിനെ സഹാരണ്‍പൂര്‍ ജയിലില്‍ നിന്നുമാണ് വിട്ടയച്ചത്.

സഹാരണ്‍പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2017 ജൂണ്‍ എട്ടിനാണ് ചന്ദ്രശേഖറിനെ ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റു ചെയ്തത്. നവംബറില്‍ ശിക്ഷാ കാലാവധി ആറു മാസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു.

സുപ്രീം കോടതിയുടെ താക്കീത് ലഭിക്കുമെന്ന് സര്‍ക്കാരിനു ഭയമുണ്ടായിരുന്നു. അതിനാലാണ് അവര്‍ സ്വയം രക്ഷിക്കാനായി എന്നെ നേരത്തേ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം ആസാദ് അന്ന് പറഞ്ഞിരുന്നു. മറ്റെന്തെങ്കിലും കാരണം കണ്ടെത്തി പത്തു ദിവസത്തിനകം അവര്‍ തിരിച്ചെത്തുമെന്ന് എനിക്കുറപ്പാണെന്നും ജയില്‍ മോചിതനായ ശേഷം ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more