national news
'സംവരണം ഞങ്ങളുടെ മൗലികാവകാശമാണ്';പാര്‍ലമെന്റ് മാര്‍ച്ചുമായി ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 16, 09:41 am
Sunday, 16th February 2020, 3:11 pm

ന്യൂദല്‍ഹി: സംവരണ വിരുദ്ധമായ സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രകടനം. മണ്ടി ഹൗസ് മുതല്‍ പാര്‍ലമെന്റ് വരെയാണ് പ്രകടനം നടത്തുന്നത്. ആരക്ഷന്‍ ബച്ചാവോ എന്ന പേരിലാണ് പ്രകടനം.

സി.എ.എയും എന്‍.ആര്‍.സിയും പോലുള്ള കറുത്ത നിയമങ്ങളെ അംഗീകരിക്കില്ലെന്നും പ്രകടനത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ‘സംവരണം ഞങ്ങളുടെ മൗലികാവകാശമാണ്, ആര്‍ക്കും അത് നമ്മില്‍ നിന്ന് എടുത്തുകളയാന്‍ കഴിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംവരണവിരുദ്ധമായ സുപ്രീം കോടതിയുടെ തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. സി.എ.എ, എന്‍.ആര്‍.സി പോലുള്ള കറുത്ത നിയമങ്ങള്‍ രാജ്യത്ത് അനുവദിക്കില്ല. ഞങ്ങളുടെ അവകാശങ്ങള്‍ നിറവേറ്റുന്നതുവരെ ഈ പ്രകടനം തുടരും’, ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 23ന് ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
ഉത്തരവിനെ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് വേണ്ടി എല്ലാ പട്ടികജാതി-വര്‍ഗ എം.പിമാരും എം.എല്‍.എമാരും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസുകളിലായിരുന്നു സുപ്രീം കോടതിയുടെ വിധി.

ഭരണഘടനയുടെ 16(4) 16(4എ) വകുപ്പുകള്‍ പ്രകാരം സംവരണം വേണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര്‍ റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.