ചന്ദ്രശേഖര്‍ ആസാദിന് ദല്‍ഹിയില്‍ പ്രവേശിക്കാം; ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചുകൊണ്ട് കോടതി
national news
ചന്ദ്രശേഖര്‍ ആസാദിന് ദല്‍ഹിയില്‍ പ്രവേശിക്കാം; ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചുകൊണ്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 6:58 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചുകൊണ്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തു. ദല്‍ഹിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കുകള്‍ നീക്കം ചെയ്ത കോടതി ദല്‍ഹിയില്‍ വന്നതിന് ശേഷമുള്ള പരിപാടികള്‍ മുന്‍കൂട്ടി അധികൃതരെ അറിയിക്കണമെന്നും അറിയിച്ചു.

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥകള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഹരജി സമര്‍പ്പിച്ചത്. ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് ദല്‍ഹിയില്‍ താമസക്കാരനായ ആസാദിന്റെ മൗലികാവശങ്ങളെ വരെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

ദല്‍ഹിയില്‍ പ്രവേശനം അനുവദിക്കാത്തത് എയിംസില്‍ ചികിത്സ തേടുന്ന ചന്ദ്രശേഖറിന്റെ ആരോഗ്യത്തെ വരെ ബാധിക്കുമെന്നും കൂടാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നുള്ളതും ഹരജിയില്‍ സൂചിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനാധിപത്യവ്യവസ്ഥയില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി അതിനാല്‍ ചന്ദ്രശേഖര്‍ ആസാദിനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്ന് നിരീക്ഷിച്ചു.

കോടതിയില്‍ സമര്‍പ്പിച്ച വിലാസത്തിലേ താമസിക്കാവൂ, വരുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും പൊലിസിനെ അറിയിച്ചിരിക്കണം എന്നീ നിബന്ധനകള്‍ വെച്ചുകൊണ്ടാണ് ഹരജി കേട്ട കോടതി വ്യവസ്ഥകള്‍ ഇളവ് ചെയ്തത്.

ഹരജിക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉയര്‍ത്തിയ വാദങ്ങളോട് രൂക്ഷമായാണ് തീസ് ഹസാരി കോടതി ജസ്റ്റിസ് കാമിനി ലൗ പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചന്ദ്രശേഖര്‍ ആസാദ് ദല്‍ഹിയില്‍ എത്തുന്നത് ആശങ്കാജനകമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എങ്കില്‍ ആ ആശങ്ക എന്താണെന്ന് കൃത്യമായി തെളിയിക്കാന്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു. മുന്‍പ് ചെയത് അതേ കുറ്റകൃത്യങ്ങള്‍ ആസാദ് ആവര്‍ത്തിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. എന്നാല്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതാണോ കുറ്റകൃത്യമെന്ന് ജസ്റ്റിസ് കാമിനി ലൗ തിരിച്ചടിച്ചു.