ലഖ്‌നൗ: വധശ്രമത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍.
ആസാദിന്റെ ഇടുപ്പില്‍ വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസാദിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഭീം ആര്‍മിയുടെ തീരുമാനം.
അക്രമികള്‍ സഞ്ചരിച്ചിരുന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള കാര്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്ത് കയറി.
മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് ഇടുപ്പിന് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 5.15ഓടെയാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പ് നടക്കുമ്പോള്‍ തന്റെ ഇളയ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ കാറിന് നേരെ കാറിലെത്തിയ ആയുധധാരികളായ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ചന്ദ്രശേഖര്‍ ആസാദിന് നേരെ നടന്ന വധശ്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
‘യുപിയില്‍ ഇപ്പോള്‍ നടക്കുന്നത് ജംഗിള്‍ രാജാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പോലും രക്ഷയില്ല. അപ്പോള്‍ ബി.ജെ.പി ഭരണത്തിന് കീഴില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും,’ അഖിലേഷ് യാദവ് ചോദിച്ചു.
ബി.ജെ.പി ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന അക്രമങ്ങള്‍ പരിധികള്‍ ലംഘിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ സിംഗ് യാദവും പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദിന് നേരെ നടന്ന വധശ്രമം യു.പിയിലെ ക്രമസമാധാന സംവിധാനം ആകെ തകര്‍ന്നെന്നാണ് കാണിക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.