വര്‍ണവ്യത്യാസത്തിന്റെ പേരില്‍ പാശ്ച്യാത്യനാടുകളില്‍ കലാപമുണ്ടാകുമ്പോള്‍ ആര്‍ഷ ഭാരത സംസ്‌കാരം ചൂണ്ടിക്കാട്ടി ഇങ്ങോട്ടു നോക്കൂയെന്ന് അഭിമാനത്തോടെ പറഞ്ഞവര്‍ക്ക് ഇപ്പോഴെന്തു പറ്റിയെന്ന് മറ്റുള്ളവര്‍ ആരായുമ്പോള്‍ കാലങ്ങളായി ആര്‍ഷ ഭാരതത്തിന്റെ പേരില്‍ മൂടിവെച്ച മുഖത്തെ കാപട്യമാണ് അഴിഞ്ഞു വീഴുന്നത്.
| #TodaysPoint : സി വി സാജു |
സി.വി സാജുന്റെ ഈ വാക്കുകള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. 27-10-2015ന് സിറാജ് പത്രത്തില്‍ സാജു എഴുതിയ “ദളിതനായി ജനിച്ചാല്‍..” എന്നലേഖനത്തിലെ 20 ശതമാനം വരുന്ന ഭാഗമാണ് ചുവടെ. വളരെ പ്രസക്തമെന്ന് തോന്നുന്ന വാചകങ്ങളാണ്. ലേഖനം വായിക്കപ്പെടേണ്ടതുതന്നെ.
ജാത്യാചാരങ്ങള്‍ മൂലമുള്ള അസമത്വങ്ങള്‍ പൂര്‍ണമായി ഇല്ലാതായെന്നഭിമാനിക്കുകയോ അല്ലെങ്കില്‍ അങ്ങനെ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഒരു രാജ്യത്ത് വീണ്ടും വീണ്ടും അതികഠിനമായ രീതിയില്‍ വര്‍ണവ്യത്യാസങ്ങള്‍ വലിയ സാമൂഹികപ്രശ്‌നമായി മാറുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ജനം അന്തം വിട്ടു നില്‍ക്കുന്നു. വര്‍ണവ്യത്യാസത്തിന്റെ പേരില്‍ പാശ്ച്യാത്യനാടുകളില്‍ കലാപമുണ്ടാകുമ്പോള്‍ ആര്‍ഷ ഭാരത സംസ്‌കാരം ചൂണ്ടിക്കാട്ടി ഇങ്ങോട്ടു നോക്കൂയെന്ന് അഭിമാനത്തോടെ പറഞ്ഞവര്‍ക്ക് ഇപ്പോഴെന്തു പറ്റിയെന്ന് മറ്റുള്ളവര്‍ ആരായുമ്പോള്‍ കാലങ്ങളായി ആര്‍ഷ ഭാരതത്തിന്റെ പേരില്‍ മൂടിവെച്ച മുഖത്തെ കാപട്യമാണ് അഴിഞ്ഞു വീഴുന്നത്.
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ ഒരു ജാതി ചിത്രം ഇങ്ങനെയാണ്. അവിടെ സവര്‍ണ വീട്ടിലെ ഒരാള്‍ മരിച്ചാല്‍ ആ വിവരം ബന്ധുക്കളെ അറിയിക്കേണ്ടത് ആ കുടുംബത്തിന്റെ അടിമയായ ദളിതന്റെ കടമയാണ്. മരണവാര്‍ത്ത അറിയിച്ചെത്തുന്ന ദളിതന് സവര്‍ണ ബന്ധു “ഭക്കാരി” എന്ന പലഹാരത്തിന്റെ നാലിലൊരംശം നല്‍കണം. “ഭക്കാരി” ദളിതന്റെ കൈയിലേക്ക് എറിഞ്ഞുകൊടുക്കുന്നതിന്ന് മുമ്പ് സവര്‍ണന്‍ അതില്‍ തുപ്പും. മരണ വാര്‍ത്ത അറിയിച്ചതിന്റെ പേരിലാണ് ഈ തുപ്പല്‍. അവിടെ വെച്ചുതന്നെ ദളിതര്‍ ആ പലഹാരം തിന്നണം. അങ്ങനെ നല്‍കിയ “ഭക്കാരി” തിന്നാന്‍ വൈമനസ്യം കാണിച്ചാല്‍പ്പിന്നെ അയാള്‍ ജീവനോടെയിരിക്കുമോയില്ലയോയെന്നത് വര്‍ത്തമാനകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഊഹിച്ചെടുക്കാം.
ഓരോ 18 മിനുട്ടിലും ജാതിഭേദത്തിന്റെ ഭാഗമായി ഒരു ദളിതന്‍ ക്രൂരമായി കൈയേറ്റം ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് സര്‍ക്കാറിന്റെ തന്നെ പഠന റിപ്പോര്‍ട്ട്. ദിവസം മൂന്ന് ദളിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന് വിധേയരാകുന്നു. പ്രതിദിനം ദളിതര്‍ക്കു നേരെ ശരാശരി 27 അതിക്രമസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ആഴ്ചയിലും ആറ് ദളിതരെ തട്ടിക്കൊണ്ടുപോകുന്നു. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടത്രെ. 38 ശതമാനം സ്‌കൂളുകളില്‍ ജാതിവിവേചനമുണ്ട്. 27 ശതമാനം (ദളിത്) ജനതക്ക് പൊലീസ് സ്‌റ്റേഷനിലും 25 ശതമാനംപേര്‍ക്ക് റേഷന്‍ കടകളിലും കയറാന്‍ സ്വാതന്ത്ര്യമില്ല.
കടപ്പാട് : സിറാജ്