ഡബ്ബിങ് രംഗത്ത് അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്നയാളാണ് ഭാഗ്യലക്ഷ്മി. ചെറുപ്രായത്തില്‍ തന്നെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച ഭാഗ്യലക്ഷ്മി മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകള്‍ക്ക് ശബ്ദം നല്‍കി. മൂന്ന് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡും ഭാഗ്യലക്ഷ്മി സ്വന്തമാക്കി. അഭിനയത്തിലും ഭാഗ്യലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രമായ തിരനോട്ടത്തിലും നായികക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാല്‍ ചിത്രം വെളിച്ചം കണ്ടില്ല. ആ സിനിമയില്‍ മോഹന്‍ലാലിന് ഡബ്ബിങ് പഠിപ്പിച്ചുകൊടുത്തത് താനായിരുന്നുവെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. ആ സിനിമയിലാണ് താന്‍ ആദ്യമായി നായികമാര്‍ക്ക് ഡബ്ബ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തിരനോട്ടത്തിലേക്ക് തന്നെ വിളിക്കാന്‍ വന്നവരില്‍ നിര്‍മാതാവ് സുരേഷ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനുമൊപ്പം മോഹന്‍ലാലുമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഡബ്ബിങ് സ്റ്റുഡിയോയില്‍ താന്‍ നായികക്ക് ഡബ്ബ് ചെയ്യുന്നത് മോഹന്‍ലാല്‍ നോക്കിനിന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എങ്ങനെയാണ് ഓരോ സീനിനും ശബ്ദം നല്‍കേണ്ടതെന്ന് ലാല്‍ തന്നോട് ചോദിച്ചു പഠിച്ചെന്നും എന്നാല്‍ ആ സിനിമ റിലീസാകാത്തതില്‍ അന്ന് താന്‍ വിഷമിച്ചുവെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
‘തിരനോട്ടം എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി നായികക്ക് ഡബ്ബ് ചെയ്യുന്നത്. അതുവരെ സൈഡ് റോള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഡബ്ബ് ചെയ്യുന്നുണ്ടായിരുന്നുള്ളൂ. ആ സിനിമയില്‍ ഡബ്ബ് ചെയ്യാമോ എന്ന് ചോദിച്ചുവന്നവരില്‍ നിര്‍മാതാവ് സുരേഷ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനുമൊപ്പം മോഹന്‍ലാലുമുണ്ടായിരുന്നു. 750 രൂപയായിരുന്നു അന്നത്തെ പ്രതിഫലം.
ഡബ്ബിങ്ങിന് വേണ്ടി സ്റ്റുഡിയോയിലെത്തി ഞാന്‍ ഡബ്ബ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഡബ്ബ് ചെയ്യുന്നത് മോഹന്‍ലാല്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഓരോ സീനിലും എങ്ങനെയാണ് ശബ്ദം കൊടുക്കേണ്ടതെന്ന് നോക്കി പഠിക്കുകയായിരുന്നു അയാള്‍. ലാലിന്റെ സീന്‍ എത്തിയപ്പോള്‍ എന്നോട് ഓരോ സംശയവും ചോദിച്ച് തീര്‍ത്താണ് ഡബ്ബ് ചെയ്തത്. പക്ഷേ, എന്തുകൊണ്ടോ ആ സിനിമ റിലീസായില്ല. അന്ന് ഞാന്‍ വിഷമിച്ചു. കാരണം, ആദ്യമായി നായികക്ക് ഡബ്ബ് ചെയ്ത സിനിമയെപ്പറ്റി ആരും അറിഞ്ഞില്ല,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlight: Bhgyalakshmi saying that she taught Mohanlal how to dub