| Wednesday, 23rd March 2022, 3:04 pm

മമ്മൂട്ടി സാറിനെ കണ്ട് പഠിക്കാന്‍ പോലും നമുക്ക് പറ്റില്ല; എഴുതിവെച്ചിരിക്കുന്നതില്‍ നിന്നും ഡബിള്‍ സ്‌ട്രോങ് ആയിട്ടാണ് ഭീഷ്മ സ്‌ക്രീനില്‍ കണ്ടത്: തിരക്കഥാകൃത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വം ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് കുതിക്കുമ്പോള്‍ മലയാളികള്‍ മറക്കാത്ത ഒരു പേരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദേവദത്തിന്റേത്.

26 കാരനായ ദേവദത്തിന്റെ ആദ്യ തിരക്കഥ കൂടിയാണ് ഭീഷ്മ പര്‍വ്വത്തിന്റേത്. അമല്‍നീരദിനൊപ്പം ഭീഷ്മ പര്‍വ്വം പോലൊരു ചിത്രത്തിന് തിരക്കഥയൊരുക്കാന്‍ പറ്റിയതിന്റെയേും ചിത്രം ലോകം ഒന്നടങ്കം ഏറ്റെടുത്തതിന്റേയും ആവേശത്തിലാണ് ദേവദത്ത്.

സിനിമയെ കുറിച്ച് എല്ലായിടത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ആ സന്തോഷം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടതെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദേവദത്ത് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ബിഗ് ബിക്ക് ശേഷം അമല്‍സാറും മമ്മൂട്ടി സാറും ഒന്നിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റില്‍ പാര്‍ട്ട് ആവാന്‍ സാധിച്ചത് ലൈഫില്‍ കിട്ടാവുന്ന ഏറ്റവും നല്ല എന്‍ട്രി ആണെന്നും ദേവദത്ത് പറഞ്ഞു.

‘ദിലീഷ് പോത്തന്‍ വഴിയാണ് ഞാന്‍ അമല്‍ സാറിനെ പരിചയപ്പെടുന്നത്. എന്റെ ഒരു ഷോട്ട് ഫിലിം കണ്ടാണ് ദിലീഷ് പോത്തന്‍ വിളിക്കുന്നത്. അദ്ദേഹമാണ് അത് അമല്‍സാറിനെ കാണിക്കുന്നത്. അതിന് ശേഷം കുമ്പളങ്ങി നൈറ്റ്‌സിലാണ് ഞാന്‍ ആദ്യമായി ഡയരക്ഷന്‍ ഡിപാര്‍ട്‌മെന്റില്‍ വര്‍ക്ക് ചെയ്യുന്നത്. പിന്നീട് വരത്തന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ ആണ് അമല്‍സാറിനെ കാണുന്നത്. അങ്ങനെയാണ് അദ്ദേഹവുമായി പരിചയമാകുന്നത്.

ബിലാല്‍ തുടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ അമല്‍നീരദിനൊപ്പം ഡയരക്ഷന്‍ ഡിപാര്‍ട്‌മെന്റില്‍ ചേരുന്നത്. എന്നാല്‍ ബിലാല്‍ തീരുമാനിച്ചപ്പോഴേക്കും ലോക്ക് ഡൗണ്‍ വന്നു. അങ്ങനെ അത് നിര്‍ത്തിവെച്ചു. ആ സമയത്താണ് ഭീഷ്മയെന്ന ആലോചന അമല്‍ സാര്‍ മുന്നോട്ടു വെച്ചത്.

ഒരു വര്‍ഷം മുന്‍പേ ഭീഷ്മയുടെ കഥ അമല്‍ നീരദിന്റെ മനസിലുണ്ടായിരുന്നെന്നും മമ്മൂക്കയെ നായകനാക്കി തന്നെയായിരുന്നു അദ്ദേഹം അത് ആലോചിച്ചതെന്നും ദേവദത്ത് പറയുന്നു.

റൈറ്റര്‍ എന്ന നിലയില്‍ ഒരുപാട് ചലഞ്ചുകള്‍ ഉണ്ടായിരുന്നു. ആ സിനിമ നടക്കുന്ന കാലത്ത് ഞാന്‍ ജനിച്ചിട്ടുപോലുമില്ല. പടം നടക്കുന്നത് 88 ല്‍ ആണ്. അതുകൊണ്ട് തന്നെ എനിക്ക് അറിയാത്ത പല കാര്യങ്ങളുണ്ട്. പിന്നെ അമല്‍ സാറും സ്‌ക്രിപ്റ്റിന്റെ ഭാഗമായ മുരുകനും രവിശങ്കറും ഉണ്ടായിരുന്നു.

ചിത്രത്തിന്റെ കഥ പേപ്പറില്‍ എഴുതിവെച്ചിരിക്കുന്നതില്‍ നിന്നും ഡബിള്‍ സ്‌ട്രോങ്ങായിട്ടാണ് സക്രീനില്‍ കാണാന്‍ സാധിച്ചത്. അത് ഒരു മേക്കറുടെ കഴിവ് തന്നയാണ്. അതില്‍ ഒരു കണ്‍ഫ്യൂഷനും ഇല്ല, ദേവദത്ത് പറയുന്നു.

പിന്നെ മമ്മൂട്ടി സര്‍ അത്രയും ജനുവിന്‍ ആയിട്ടുള്ള വ്യക്തിയാണ്. ചില്‍ ആണ് ആള്. റിലീസിന്റെ മുന്‍പുള്ള ഇന്റര്‍വ്യൂസ് ഒക്കെ നിങ്ങള്‍ കണ്ടുകാണും. അതുപോലെ തന്നെയായിരുന്നു സെറ്റിലും. സെറ്റില്‍ ഏറ്റവും കൂടുതല്‍ കോമഡി പറയുന്ന ആള് അദ്ദേഹമായിരിക്കും. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് തന്നെ വലിയ കാര്യമാണ്. അതൊക്കെ കണ്ട് പഠിക്കുക തന്നെ വേണം, പക്ഷേ അതൊന്നും കണ്ട് പഠിക്കാന്‍ പോലും നമുക്കാവില്ല.

അതൊക്കെ എങ്ങനെയാണ് നമ്മള്‍ ചെയ്യുക എന്നതാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരവും ഹെല്‍ത്തും ഒക്കെ അദ്ദേഹം ശ്രദ്ധിക്കുന്ന രീതി, അതും ഈ പ്രായത്തില്‍. ഇതൊക്കെ ഈ പ്രായത്തില്‍ പോലും എനിക്ക് ശ്രദ്ധിക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. അദ്ദേഹത്തില്‍ നിന്നും നമുക്ക് പഠിക്കാന്‍ ഒരുപാടുണ്ട്, ദേവദത്ത് പറഞ്ഞു.

Content Highlight: Bheeshmaparvam Script Writer Devdath Shaji About The Film And Mammootty

We use cookies to give you the best possible experience. Learn more