| Thursday, 24th March 2022, 11:12 am

ഭീഷ്മ സെറ്റില്‍ ഒരു മൊട്ടുസൂചി വീണാന്‍ അമല്‍ നീരദ് അറിയും, എന്തെങ്കിലും ചെറിയ പറ്റിപ്പ് കാണിക്കാമെന്ന് വിചാരിച്ചാലും നടക്കില്ല: തിരക്കഥാകൃത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വം തന്നെ സംബന്ധിച്ച് ഏറ്റവും വലിയൊരു അനുഭവമാണെന്നും കരിയറില്‍ ഇത്രയും വലിയൊരു എന്‍ട്രി കിട്ടുക എന്നതില്‍പരം ഭാഗ്യമില്ലെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത്.

അമല്‍നീരദ് സാറിനൊപ്പം എത്തിയ ശേഷമാണ് തന്റെ സിനിമാ ചിന്താഗതികള്‍ തന്നെ മാറിയതെന്നും അമല്‍നീരദ് പ്രൊഡക്ഷന്‍സ് എന്നത് ഒരു ഫിലിം സ്‌കൂളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ദേവദത്ത് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദിനൊപ്പമുള്ള അനുഭവങ്ങള്‍ ദേവദത്ത് പങ്കുവെക്കുന്നത്.

താന്‍ ഡയറക്ഷന്‍ ഡിപാര്‍ട്‌മെന്റില്‍ വര്‍ക്ക് ചെയ്യാന്‍ വന്നതാണെങ്കിലും സിനിമയുടെ എ ടു സെഡ് കാര്യങ്ങളില്‍ ഇന്‍വോള്‍വ് ആവാന്‍ പറ്റിയെന്നും അമല്‍ സാര്‍ അങ്ങനെ സിനിമ ചെയ്യുന്ന ആളാണെന്നും ദേവദത്ത് പറഞ്ഞു.

‘അദ്ദേഹം സംവിധായകനാണ്, പ്രൊഡ്യൂസറാണ് സ്‌ക്രിപ്റ്റിങ്ങിലും ഉണ്ട്. എല്ലാത്തിലും അമല്‍സാര്‍ പാര്‍ട്ടാണ്. എന്നാല്‍ ഇത് മാത്രമല്ല. കോസ്റ്റിയൂം ആര്‍ട്ട് തുടങ്ങി എല്ലാ ഡിപാര്‍ട്‌മെന്റിലും അമല്‍സാറിന്റെ സിഗ്നേച്ചര്‍ ഉണ്ടാകും. അതൊരു ലേണിങ് എക്‌സ്പീരിയന്‍സ് ആണ്.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ സെറ്റില്‍ ഒരു മൊട്ടുസൂചി വീണാല്‍ അത് അദ്ദേഹത്തിന് അറിയാന്‍ പറ്റും. അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ക്വാളിറ്റിയാണ്. ശരിക്കും കണ്ടു പഠിക്കണം.

ഞാന്‍ ഭാവിയില്‍ അദ്ദേഹത്തില്‍ നിന്ന് എടുക്കാന്‍ ഉദ്ദേശിച്ച ഒരു കാര്യം, അദ്ദേഹം കോംപ്രമൈസ് ചെയ്യില്ല എന്നതാണ്. ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതുണ്ടാവില്ല. ഉദാഹരണം പറഞ്ഞാല്‍ ഷൂട്ടിന് മുന്‍പ് ആര്‍ട്ട് ഡിപാര്‍ട്‌മെന്റുമായി വര്‍ക്ക് ചെയ്യുന്ന സമയത്ത് അദ്ദേഹം ഈ സീനിന് ഇത്രയും പ്രോപ്പര്‍ട്ടി ആവശ്യമുണ്ട് എന്ന് പറയുകയാണ്.

ചെറിയ സാധനങ്ങളായിട്ട് 25 പ്രോപ്പര്‍ട്ടീസ് വേണമെന്നായിരിക്കും അദ്ദേഹം പറഞ്ഞിട്ടുണ്ടാകുക. പെര്‍ഫ്യൂം പൗഡര്‍ അങ്ങനെ പലതും. ഷൂട്ടിന്റെ തലേന്ന് നമ്മള്‍ ഇതെല്ലാം കളക്ട് ചെയ്ത് വെക്കും. ചെറിയൊരു പ്രോപ്പര്‍ട്ടി ചിലപ്പോള്‍ നമുക്ക് കിട്ടിയിട്ടുണ്ടാകില്ലെന്ന് വിചാരിക്കുക, 24 പ്രോപ്പര്‍ട്ടിയേ ആയിട്ടുള്ളൂ. ഷൂട്ടിന്റെ സമയത്ത് അത് പറയാതെ ചെറിയൊരു പറ്റിപ്പ് കാണിക്കാമെന്ന് വിചാരിച്ചാലും അത് നടക്കില്ല.

ആ ഒരു പ്രോപ്പര്‍ട്ടി കിട്ടണം. അത് അത്രയും ചെറിയ കാര്യമാണെങ്കിലും അമല്‍ സാര്‍ ആ പെര്‍ഫക്ഷനകത്ത് കോംപ്രമൈസ് ചെയ്യില്ല. ആ പ്രോപ്പര്‍ട്ടി എന്തായാലും നമ്മള്‍ കണ്ടെത്തും എന്നുള്ളത് തന്നെയാണ്. അത് ഭയങ്കര പോസിറ്റീവായ കാര്യമാണ്, ദേവദത്ത് പറയുന്നു.

ഭീഷ്മ പര്‍വ്വത്തിന് രണ്ടാം ഭാഗമുണ്ടാകാനും ഇല്ലാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്നും ദേവദത്ത് ഷാജി പറഞ്ഞു. വളരെ ഡീറ്റേയ്ല്‍ഡായ ഒരു ബാക്ക് സ്റ്റോറി ക്രിയേറ്റ് ചെയ്തതിന് ശേഷമാണ് അമല്‍ നീരദ് ഭീഷ്മ പര്‍വ്വം സിനിമയുടെ സ്‌ക്രിപ്റ്റിലെത്തുന്നതെന്നും ദേവദത്ത് പറഞ്ഞു.

ഒരു ഡീറ്റേയ്ല്‍ഡായ ബാക്ക് സ്റ്റോറി ഉള്ളത് കൊണ്ട് തന്നെ ഭീഷ്മ പര്‍വ്വം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് അമല്‍ സാറിനോട് ചോദിക്കണം. അതിനെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല,” ദേവദത്ത് പറഞ്ഞു.

അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥയെഴുതിയത് 26കാരനായ ദേവദത്ത് ഷാജിയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം നാലാം വാരത്തിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാലാ പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

Content Highlight: Bheeshmaparvam Script Writer Devadath Shaji about Amal Neerad

We use cookies to give you the best possible experience. Learn more