|

ലൂസിഫര്‍ കഴിഞ്ഞു ഇനി തെലുങ്കിലേക്ക് ഭീഷ്മപര്‍വ്വം?; റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് സൂപ്പര്‍സ്റ്റാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലൂസിഫറിന് പിന്നാലെ ഭീഷ്മപര്‍വ്വവും തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാംചരണാണ് സിനിമയുടെ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

സൗത്ത് ഇന്ത്യന്‍ സിനിമയിലെ അപ്‌ഡേറ്റുകള്‍ പുറത്തുവിടുന്ന നിരവധി ട്വിറ്റര്‍ പേജുകളാണ് ഭീഷ്മപര്‍വ്വം തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ഭീഷ്മ പര്‍വ്വം തിയേറ്ററുകള്‍ക്ക് വലിയ ഉണര്‍വായിരുന്നു നല്‍കിയത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, മാല പാര്‍വതി, ശ്രീനാഥ് ഭാസി എന്നിങ്ങനെ വലിയ താരനിരയുമായെത്തിയ ഭീഷ്മ പര്‍വ്വം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

മൈക്കിളപ്പയായുള്ള മമ്മൂട്ടിയുടെ മാസ് പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. ഭീഷ്മ പര്‍വ്വത്തിന്റെ കഥ പറച്ചില്‍ രീതിയും കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

മമ്മൂട്ടിയോടൊപ്പം ഷൈന്‍ ടോം ചാക്കോയുടെയും സൗബിന്റെയും വേഷങ്ങളും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.

മികച്ച ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളും പശ്ചാത്തല സംഗീതവും പാട്ടുകളും ചേര്‍ന്ന് ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കിയ ചിത്രമെന്ന നിലയിലായിരുന്നു ഭീഷ്മ പര്‍വ്വം ആഘോഷിക്കപ്പെട്ടത്.

മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഏപ്രില്‍ ഒന്നിന് ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലും റിലീസ് ചെയ്തിരുന്നു.

അതേസമയം ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ് ഫാദര്‍ ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്തിരിക്കുകയാണ്. ചിരഞ്ജീവി നായകനായി എത്തുന്ന ഗോഡ് ഫാദറില്‍ സല്‍മാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ വിമര്‍ശനമുയര്‍ത്തിക്കൊണ്ട് ചില മലയാളി ആരാധകര്‍ രംഗത്തുവന്നിരുന്നു. ലൂസിഫറിന്റെ എസന്‍സ് നഷ്ടപ്പെടുത്തുന്ന റീമേക്കാണ് ഗോഡ് ഫാദറെന്നായിരുന്നു ഇവരുടെ വാദം.

ലൂസിഫര്‍ തന്നെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയില്ലെന്നും അതുകൊണ്ട് ചില അപ്‌ഗ്രേഡുകള്‍ നടത്തിയിരുന്നുവെന്നും ചിരഞ്ജീവി കഴിഞ്ഞ ദിവസം പറഞ്ഞതും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഏത് ചിത്രമായാലും ഓരോ ഇന്‍ഡസ്ട്രിക്കുമനുസരിച്ചുള്ള റീമേക്കാണ് ചെയ്യുകയെന്നായിരുന്നു ഇതിനോട് വന്ന മറുപടികള്‍.

Content Highlight: Bheeshma Parvam to be remaked to Telugu, Reports

Latest Stories