ഭീഷ്മ പര്‍വ്വത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്തതിന്റെ അനുഭവം പറഞ്ഞ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദര്‍.
ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് സിനിമയില്‍ മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം സുപ്രീം സുന്ദര്‍ പറഞ്ഞത്.
ഭീഷ്മ പര്‍വ്വത്തിന് മുമ്പ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആണെന്നും എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ കാരണം അത് നീട്ടിവെക്കുകയായിരുന്നെന്നുമാണ് സുപ്രീം സുന്ദര്‍ പറയുന്നത്.
അമല്‍ സാര്‍ ഒരു സ്‌റ്റൈലിഷ് മൂവി മേക്കറാണെന്നും മമ്മൂക്ക ആക്ഷനില്‍ ഒരു റഫ് മേക്കറാണെന്നും രണ്ടും കൂട്ടിച്ചേര്‍ത്ത് എങ്ങനെ സിനിമ ചെയ്യാം എന്ന ആലോചനയിലാണ് ഭീഷ്മ ഉണ്ടായതെന്നും സുന്ദര്‍ അഭിമുഖത്തില്‍ പറയുന്നു.
”ഭീഷ്മ പര്‍വ്വം ചെയ്യുന്നതിന് മുമ്പേ പ്ലാന്‍ ചെയ്തിരുന്നത് ബിലാല്‍ ആയിരുന്നു. ബിലാല്‍ ഭയങ്കര ഒരു ആക്ഷന്‍ മൂഡ് ഉള്ള, പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു പടമാണ്.
ബിഗ് ബിക്ക് ശേഷം അമല്‍ സാറിന് വമ്പന്‍ സക്‌സസ് തരത്തിലുള്ള കഥയാണ് ബിലാല്‍. അതില്‍ നിറയെ ആക്ഷന്‍ ഉണ്ട്.
മമ്മൂക്കയെ വെച്ച് അത്രയും വലിയ ആക്ഷന്‍ സീക്വന്‍സുകള്‍ എങ്ങനെ ചെയ്യണമെന്ന് ഞാനും അമല്‍ സാറും ഒരുപാട് ചര്‍ച്ച ചെയ്തിരുന്നു.
കൊവിഡ് വന്നതുകൊണ്ട് തന്നെ ബിലാല്‍ ചെയ്യാന്‍ സാധിച്ചില്ല. ബിലാലിന്റെ ഷൂട്ടിന് വേറെ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമൊക്കെ പോകേണ്ടതായുണ്ട്.
ആ പ്രശ്‌നങ്ങളൊക്കെ ഉള്ളതുകൊണ്ട് തന്നെ ഭീഷ്മയുടെ ഷൂട്ടിങ് ഇപ്പോള്‍ ചെയ്യേണ്ട, കുറച്ചുകാലത്തേക്ക് നീട്ടിവെക്കാം എന്ന് തീരുമാനിച്ചു.
ഇപ്പോള്‍ എന്ത് ചെയ്യാം, എന്ന് ആലോചിച്ചപ്പോഴാണ് ഭീഷ്മ പര്‍വ്വം ചെയ്യാം എന്ന് പറഞ്ഞത്. ഒരു ഐഡിയ തന്നു.
ലാല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തതിന് ശേഷം ഇപ്പോള്‍ മമ്മൂക്ക എന്ന മെഗാസ്റ്റാറിനൊപ്പം ചെയ്തപ്പോള്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. എന്ത് വ്യത്യസ്തമായി ചെയ്യും എന്നൊക്കെ ആലോചിച്ചിരുന്നു.
അമല്‍ സാര്‍ ഒരു സ്റ്റൈലിഷ് മേക്കര്‍, മമ്മൂക്ക ആക്ഷനില്‍ ഒരു റഫ് മേക്കര്‍. രണ്ടും മിക്സ് ചെയ്താല്‍ എങ്ങനെയിരിക്കും എന്ന് ആലോചിച്ചാണ് ചെയ്തത്,” സുപ്രീം സുന്ദര്‍ പറഞ്ഞു.
അമല്‍ നീരദ് എല്ലാവരും കയ്യടിക്കേണ്ട തരത്തിലുള്ള ഒരു ടെക്‌നീഷ്യനാണെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാന്‍ ഉണ്ടെന്നും സുപ്രീം സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡിന് ശേഷം ആദ്യമായി തിയേറ്ററുകലിലെ സീറ്റിങ് കപ്പാസിറ്റി 100 ശതമാനം ആക്കിയതോടെ ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. തിയേറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനത്തിരക്കും ആരാധകക്കൂട്ടവുമുള്ളതിന്റെ ഫോട്ടോകളും വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഭീഷ്മ പര്‍വ്വത്തില്‍ ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാല പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.
Content Highlight: Bheeshma Parvam stunt choreographer Supreme Sunder on working with Amal Neerad and Mammootty